
ദുബായ്: ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ക്രിക്കറ്റിൽ മുഖാമുഖം വരുന്നു. അടുത്ത വർഷം ആദ്യം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പിലാണ് ഇരുവരും ഏറ്റുമുട്ടുക. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം കൊളംബോയിലാണ് നടക്കുന്നത്. പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടതോടെയാണ് ആവേശപ്പോരിന് കളമൊരുങ്ങുന്നത്. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് ടൂർണമെന്റ് നടക്കുക.
20 ടീമുകൾ നാല് ഗ്രൂപ്പുകളിലായി പ്രാഥമിക ഘട്ടത്തിൽ ഏറ്റുമുട്ടുന്നത്. ഓരോ ഗ്രൂപ്പിൽനിന്ന് രണ്ട് ടീമുകൾ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടും.
ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് എയിലാണ് ഉൾപ്പെടുന്നത്. താരതമ്യേന ദുർബലരായ നെതർലൻഡ്സ്, യുഎസ്എ, നമീബിയ തുടങ്ങിയ ടീമുകളാണ് ഗ്രൂപ്പിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും എതിരാളികളായി വരുന്നത്.
ഇന്ത്യ-പാക് പോരാട്ടം
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. പാകിസ്ഥാൻ്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും ശ്രീലങ്കയിലായിരിക്കും.
ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ
ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 7-ന് മുംബൈയിൽ വെച്ച് ഇന്ത്യ യുഎസ്എയുമായി ആണ്. ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരവും ഇതാണ്. ഫെബ്രുവരി 12-ന് നമീബിയയുമായി ഡൽഹിയിലും, ഫെബ്രുവരി 18-ന് നെതർലാൻഡ്‌സുമായി അഹമ്മദാബാദിലുമാണ് ഇന്ത്യയുടെ മറ്റ് ഗ്രൂപ്പ് മത്സരങ്ങൾ.
ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയാൽ, അവരുടെ മത്സരങ്ങൾ അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ വെച്ചായിരിക്കും നടക്കുക.
ഇന്ത്യ സെമിയിൽ പ്രവേശിച്ചാൽ, മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും.
ടൂർണമെന്റിന്റെ ഫൈനൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, പാകിസ്ഥാൻ ഫൈനലിൽ എത്തിയാൽ, രാഷ്ട്രീയപരമായ കാരണങ്ങളാൽ ഫൈനൽ മത്സരം കൊളംബോയിൽ നടക്കാനാണ് സാധ്യത.
ഇറ്റലിയുടെ കന്നി ടി20 ലോകകപ്പാണിത്. ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായിട്ടാണ് ടൂർണമെന്റിലേക്ക് എത്തുന്നത്.
മറ്റ് ഗ്രൂപ്പുകൾ
ബി- ശ്രീലങ്ക, ഓസ്‌ട്രേലിയ, സിംബാബ്‌വെ, അയർലൻഡ്, ഒമാൻ
സി- ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, നേപ്പാൾ, ഇറ്റലി
ഡി- ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ, യുഎഇ, കാനഡ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

