
അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യൻ പേസർ ജസ്പ്രിത് ബുംറ. ഇന്ത്യൻ മണ്ണിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബോളർ എന്ന റെക്കോർഡാണ് ബുംറ സ്വന്തമാക്കിയത്. ജവഗൽ ശ്രീനാഥിന്‍റെ നേട്ടത്തിനൊപ്പമാണ് അദ്ദേഹം എത്തിയത്. അഹമ്മദാബാദിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസമാണ് ഇന്ത്യൻ മണ്ണിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറായി ബുംറ മാറിയത്.
മത്സരത്തിന്റെ ആദ്യദിനത്തിലെ രണ്ടാം സെഷനിൽ വിൻഡീസ് ബാറ്റ്സ്മാൻ ജോഹാൻ ലെയ്‌നെ പുറത്താക്കിയതോടെയാണ് ഇന്ത്യയടെ സ്റ്റാർ ബോളർ പുതിയ നാഴികക്കല്ല് പിന്നിട്ടത്. 1747 പന്തുകൾ എടുത്താണ് അദ്ദേഹം ടെസ്റ്റ് വിക്കറ്റുകളിൽ അർദ്ധസെഞ്ച്വറി നേട്ടം കൈവരിച്ചത്.
സ്വന്തംനാട്ടിൽ 50 വിക്കറ്റുകൾ നേടുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ പേസർ എന്ന നേട്ടവും ബുംറ സ്വന്തമാക്കി. 24-ാം ഇന്നിംഗ്‌സിൽ ഇന്ത്യയിൽ 50-ാം ടെസ്റ്റ് വിക്കറ്റ് നേടിയതോടെ, ഇതിഹാസ താരം ജവഗൽ ശ്രീനാഥിനൊപ്പം അദ്ദേഹം എത്തി. ലിസ്റ്റിലെ അടുത്ത മികച്ച ഓൾറൗണ്ടർ കപിൽ ദേവ് ആണ്, അദ്ദേഹത്തിന് 25 ഇന്നിംഗ്‌സുകൾ വേണ്ടിവന്നു, ഇഷാന്ത് ശർമ്മയും മുഹമ്മദ് ഷമിയും 27 ഇന്നിംഗ്‌സുകളിലാണ് 50 വിക്കറ്റ് തികച്ചത്.
Also Read- വെസ്റ്റിൻഡീസിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ പേസർമാർ: ബാറ്റുകൊണ്ടുള്ള മറുപടി ആരംഭിച്ചു
അഹമ്മദാബാദിൽ ആദ്യം ബാറ്റ് ചെയ്യാനുള്ള വെസ്റ്റ് ഇൻഡീസിന്റെ തീരുമാനത്തിന് തിരിച്ചടിയായി, ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജും ബുംറയും ചേർന്ന നടത്തിയ മികച്ച പ്രകടനത്തിലൂടെ, അവരെ 162 റൺസിന് പുറത്താക്കി. ആദ്യ ദിനം ലഞ്ചിന് മുമ്പ് സന്ദർശകർ 90/5 എന്ന നിലയിലേക്ക് കൂപ്പുകുത്തി. സിറാജ് നാലും ബുംറ മൂന്നും വിക്കറ്റുകൾ നേടി. കുൽദീപ് യാദവ് (2/25), വാഷിംഗ്ടൺ സുന്ദർ (1/9) എന്നിവരും വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ രവീന്ദ്ര ജഡേജയും നിതീഷ് റെഡ്ഡിയും വിക്കറ്റൊന്നും നേടിയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

