
ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ ഇംഗ്ലീഷ് താരത്തിന്‍റെ ബാറ്റിങ് വെടിക്കെട്ട്. പ്രിട്ടോറിയ ക്യാപിറ്റലിനെതിരായ മത്സരത്തിലാണ് മുൻ ഇംഗ്ലീഷ് ഓപ്പണർ ജോണി ബെയർസ്റ്റോ നിറഞ്ഞാടിയത്. സൺറൈസേഴ്സ് കേപ്പിന് വേണ്ടി കളിച്ച ബെയർസ്റ്റോ, ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജിന്‍റെ ഒരോവറിൽ 34 റൺസാണ് അടിച്ചെടുത്തത്. ഇതോടെ ദക്ഷിണാഫ്രിക്കൻ ലീഗിൽ ഏറ്റവുമധികം റൺസ് വഴങ്ങിയെന്ന നാണംകെട്ട റെക്കോർഡും മഹാരാജിന്‍റെ തലയിലായി.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആദ്യ രണ്ട് ഓവറിൽ 16 റൺസ് മാത്രം വഴങ്ങിയ മഹാരാജ് പക്ഷേ മൂന്നാമത്തെ ഓവറിൽ ദുരന്തമായി മാറി. മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിലെ 12-ാമത്തെ ഓവറിലാണ് ബെയർസ്റ്റോ നിറഞ്ഞാടിയത്. അഞ്ച് പന്തുകൾ സിക്സർ പറത്തിയും ഒരു പന്തിൽ ഫോറടിച്ചുമാണ് 34 റൺസ് അടിച്ചുകൂട്ടിയത്. ക്വിന്‍റൺ ഡികോക്കിനൊപ്പം ഓപ്പണറായി കളത്തിലെത്തിയ ബെയർസ്റ്റോ 45 പന്തിൽ 85 റൺസാണ് ബെയർസ്റ്റോ നേടിയത്. എട്ട് ഫോറും ആറ് സിക്സറും ഉൾപ്പടെയാണ് പുറത്താകാതെ 85 റൺസെടുത്തത്.
പ്രിട്ടോറിയ ക്യാപിറ്റൽസ് മുന്നോട്ടുവെച്ച 177 റൺസ് വിജയലക്ഷ്യം വെറും 14.2 ഓവറിൽ വിക്കറ്റ് നഷ്ടംകൂടാതെയാണ് സൺറൈസേഴ്സ് കേപ്പ് മറികടന്നത്. ക്വിന്‍റൺ ഡി കോക്ക് 41 പന്തിൽ പുറത്താകാതെ 79 റൺസ് നേടി. അഞ്ച് ഫോറും ആറു സിക്സറും ഉൾപ്പെടുന്നതാണ് ഡികോക്കിന്‍റെ തകർപ്പൻ ഇന്നിംഗ്സ്. ഡികോക്കാണ് പ്ലേയർ ഓഫ് ദ മാച്ച്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

