
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർതാരമാണ് സ്മൃതി മന്ദാന. മികച്ച ബാറ്ററാണ് സ്മൃതി ക്രിക്കറ്റ് മൈതാനത്ത് ഒട്ടനവധി ചരിത്രനേട്ടങ്ങൾ കുറിച്ചവരാണ്. ഏറ്റവുമൊടുവിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ലോകകിരീടം നേടിയതിലും നിർണായക പങ്ക് വഹിച്ചു. മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യൻ വനിതകൾ ലോകത്തിന്‍റെ നെറുകയിലെത്തിയത്. ഇപ്പോഴിതാ, സ്മൃതിയുടെ ജീവിതത്തിലെ അവിസ്മരണീയമായ മറ്റൊരു മുഹൂർത്തത്തിനുകൂടി ഡിവൈ പാട്ടീൽ സ്റ്റേഡിയം വേദിയായ വിവരമാണ് പുറത്തുവരുന്നത്.
ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം നേടിയ അതേ വേദിയിൽ വെച്ച്, സ്മൃതിയുടെ പ്രതിശ്രുത വരനും പ്രശസ്ത സംഗീത സംവിധായകനുമായ പലശ് മുച്ചാൽ വിവാഹാഭ്യർത്ഥന നടത്തിയ വീഡിയോ പുറത്തുവന്നിരിക്കുന്നു. ഈ ദൃശ്യം പലശ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
കണ്ണുകെട്ടിയ നിലയിൽ സ്മൃതിയെ പലശ് ഗ്രൗണ്ടിന്റെ മധ്യഭാഗത്തേക്ക് കൊണ്ടുപോകുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കണ്ണിലെ കെട്ടഴിക്കുമ്പോൾ, തന്റെ പ്രിയതമൻ മുട്ടുകുത്തിയിരുന്ന് മോതിരം നീട്ടി വിവാഹാഭ്യർത്ഥന നടത്തുന്നതാണ് സ്മൃതി കാണുന്നത്. ഇതോടെ താരം സന്തോഷിക്കുന്നതും വികാരാധീനയാകുന്നതും വീഡിയോയിലുണ്ട്. “അവൾ സമ്മതിച്ചു” എന്ന കുറിപ്പോടെയാണ് പലശ് ഈ ഹൃദയസ്പർശിയായ വീഡിയോ പങ്കുവെച്ചത്.
Also Read- നൂറിൽ നൂറ് ; ചരിത്ര നേട്ടവുമായി മുഷ്ഫിഖർ റഹിം
വിവാഹാഭ്യർത്ഥന അംഗീകരിച്ച ശേഷം, ഇരുവരുടെയും സുഹൃത്തുക്കളും പലശിന്റെ സഹോദരിയും ഗായികയുമായ പാലക് മുച്ചാലും ഉൾപ്പെടെയുള്ളവർ മൈതാനത്തേക്ക് ഓടിയെത്തി ആഘോഷത്തിൽ പങ്കുചേർന്നു. ഇരുവരും നവംബർ 23 ഞായറാഴ്ച വിവാഹിതരാകാൻ ഒരുങ്ങുകയാണ്. താരജോഡികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ആശംസകൾ നേർന്നിരുന്നു. ലോകകപ്പ് നേടിയ ടീമംഗങ്ങളായ ജെമീമ റോഡ്രിഗസ്, രാധ യാദവ് എന്നിവർക്കൊപ്പം എടുത്ത ഒരു റീലിലൂടെ സ്മൃതി തന്റെ മോതിരം ആരാധകർക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.
ക്രിക്കറ്റിൽ തന്റെ കരിയറിലെ മികച്ച ഘട്ടത്തിലൂടെയാണ് സ്മൃതി കടന്നുപോകുന്നത്. ഈ മാസം ആദ്യം സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ആദ്യ വനിതാ ലോകകപ്പ് കിരീടം നേടിയപ്പോൾ ടീമിന്റെ വിജയത്തിൽ ഹർമൻപ്രീത് കൗറിന്റെ ഉപനായികയായി സ്മൃതി നിർണ്ണായക പങ്ക് വഹിച്ചു. ടൂർണമെന്റിൽ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് റെക്കോർഡ് തകർത്ത് 434 റൺസാണ് സ്മൃതി നേടിയത്. കൂടാതെ, കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിനെ വനിതാ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച ആദ്യ ക്യാപ്റ്റനും സ്മൃതിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

