
സീസണിന് മുന്നോടിയായി നടന്ന സൗഹൃദമത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ അൽ-നസ്‌റിന് ജയം. റിയോ അവ്‌ക്കെതിരെ 4-0 എന്ന സ്കോറിനാണ് അൽ-നസ്‌ർ വിജിച്ചത്. കളിയിലെ ആദ്യ ഗോൾ 15-ാം മിനിറ്റിൽ മുഹമ്മദ് സിമാക്കനാണ് നേടിയത്. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് റൊണാൾഡോ വീണ്ടും ലീഡ് നേടിക്കൊടുത്തു.
രണ്ടാം പകുതിയിൽ റിയോ അവ് താരത്തിന്റെ ഫൗളിനെ തുടർന്ന് അൽ-നസ്‌റിന് പെനാൽറ്റി ലഭിച്ചു. പെനാൽറ്റി എടുക്കാൻ സദിയോ മാനെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷെ അതിന് ശേഷം വെറും 16 സെക്കൻഡിനുള്ളിൽ ഒരു ഹെഡ്ഡറിലൂടെ റൊണാൾഡോ തൻ്റെ രണ്ടാമത്തെ ഗോൾ നേടി. തുടർന്ന് റിയോ അവ് താരം വീണ്ടും ബോക്‌സിനുള്ളിൽ ഫൗൾ ചെയ്തപ്പോൾ ലഭിച്ച പെനാൽറ്റി റൊണാൾഡോ തന്നെ എടുക്കുകയും ഹാട്രിക്ക് പൂർത്തിയാക്കി അൽ-നസ്‌റിന് വിജയം ഉറപ്പിക്കുകയും ചെയ്തു.
2022-ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് അൽ-നസ്‌റിൽ ചേർന്നതിന് ശേഷം മികച്ച ഫോമിലാണ് റൊണാൾഡോ. 105 മത്സരങ്ങളിൽ നിന്ന് 93 ഗോളുകൾ നേടിയിട്ടുണ്ട്. ഫിഫ ക്ലബ് ലോകകപ്പിന് യോഗ്യത നേടിയില്ലെങ്കിലും അൽ നസ്‌റുമായുള്ള കരാർ താരം രണ്ട് വർഷത്തേക്ക് നീട്ടി.
ഓഗസ്റ്റ് 10-ന് യുഡി അൽമേരിയയ്‌ക്കെതിരെയാണ് അൽ നസ്‌റിൻ്റെ അടുത്ത പ്രീ-സീസൺ മത്സരം. ഓഗസ്റ്റ് 19-ന് സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഇത്തിഹാദിനെതിരായ മത്സരത്തോടെയാണ് അൽ-നസ്‌റിൻ്റെ പുതിയ സീസൺ ആരംഭിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

