
ഇന്ത്യൻ താരം ദീപ്തി ശർമ ലോക വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു. പുരുഷ–വനിത ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 1,000 റൺസും 150 വിക്കറ്റുകളും നേടുന്ന ആദ്യ താരമായി ദീപ്തി മാറി. തിരുവനന്തപുരത്ത് നടന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിലാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ഇതോടെ വൈറ്റ്-ബോൾ ക്രിക്കറ്റിലെ ഏറ്റവും സമ്പൂർണ താരങ്ങളിലൊരാളെന്ന തന്റെ സ്ഥാനം ദീപ്തി ഉറപ്പിച്ചു.
മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിയ ദീപ്തി, വനിതാ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ ഓസ്‌ട്രേലിയയുടെ മേഗൻ ഷട്ടിനൊപ്പം (151 വിക്കറ്റുകൾ) ഒന്നാം സ്ഥാനത്തെത്തി. 14-ാം ഓവറിൽ കവീഷ ദിൽഹാരിയെ പുറത്താക്കിയാണ് ദീപ്തി തന്റെ 150-ാം വിക്കറ്റ് സ്വന്തമാക്കിയത്. 131 മത്സരങ്ങളിൽ നിന്നാണ് ദീപ്തി ഈ നേട്ടത്തിലെത്തിയത്.
Also Read: പരമ്പര പിടിച്ച്, വിജയക്കൊടി പാറിച്ച് ഇന്ത്യ ; അർധസെഞ്ച്വറി തിളക്കത്തിൽ ഷെഫാലി വർമ്മ
അവസാന ഓവറിൽ മൽഷ ഷേഹാനിയെ പുറത്താക്കിയതോടെ ദീപ്തി വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്നാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരിയായി. ആകെ 333 വിക്കറ്റുകളാണ് ഇപ്പോൾ ദീപ്തിയുടെ പേരിലുള്ളത്. ജൂലൻ ഗോസ്വാമി, കാതറിൻ സൈവർ-ബ്രന്റ് എന്നിവരാണ് മുന്നിലുള്ളത്. 2025 വനിതാ ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ നേടിയ ദീപ്തി, ഇന്ത്യയെ ആദ്യ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിലും നിർണായക പങ്കുവഹിച്ചു. നിലവിൽ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യ 3–0ന് മുന്നിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

