
ദോഹയിൽ നടന്ന ഫിഫ ‘ദ ബെസ്റ്റ്’ അവാർഡ് ചടങ്ങിൽ പാരിസ് സെയിന്റ് ജെർമന്റെ ഫ്രഞ്ച് മുന്നേറ്റതാരം ഉസ്മാൻ ഡെംബലെയെ 2025 ലെ മികച്ച പുരുഷ ഫുട്ബോൾ താരമായി തിരഞ്ഞെടുത്തു. വനിതാ വിഭാഗത്തിൽ മികച്ച താരത്തിനുള്ള ബഹുമതി സ്പെയിനിന്റെയും ബാഴ്സലോണയുടെയും മിഡ്‌ഫീൽഡർ ഐതാന ബോൺമാറ്റി തുടർച്ചയായ മൂന്നാം വർഷവും സ്വന്തമാക്കി.
28 കാരനായ ഡെംബലെ, പിഎസ്ജിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ഇന്റർ മിലാനെതിരെ 5-0ന് ജയിച്ച ഫൈനലിലടക്കം സീസണിൽ എല്ലാ മത്സരങ്ങളിലുമായി 35 ഗോളുകൾ അദ്ദേഹം നേടി. ഇതിൽ ലിഗ് 1ൽ നേടിയ 21 ഗോളുകൾ ഡെംബലെയെ ലീഗിന്റെ ടോപ് സ്കോററാക്കി.
ഈ വർഷം വനിതാ ബാലൺ ഡി ഓർ സ്വന്തമാക്കിയ ബോൺമാറ്റി, ബാഴ്സലോണയുമായി ആഭ്യന്തര ട്രിബിൾ നേടികൊടുത്തത് കൂടാതെ, സ്പെയിനിനെ യൂറോ 2025 ഫൈനലിലെത്തിച്ചു. ചാമ്പ്യൻസ് ലീഗിൽ മികച്ച താരത്തിനുള്ള ബഹുമതിയും ബോൺമാറ്റിയുടെ പേരിലായി.
കോച്ചിംഗ് വിഭാഗത്തിൽ രണ്ട് യൂറോപ്യൻ ചാമ്പ്യൻമാരാണ് പുരസ്കാരങ്ങൾ നേടിയത്. സ്വിറ്റ്സർലൻഡിൽ നടന്ന വനിതാ യൂറോ കിരീടം തുടർച്ചയായ രണ്ടാം തവണയും ഇംഗ്ലണ്ടിന് സമ്മാനിച്ച സരീന വിഗ്മാൻ, പിഎസ്ജിയെ ചാമ്പ്യൻസ് ലീഗും ഫ്രഞ്ച് ലീഗ് കിരീടവും നേടിക്കൊടുത്ത ലൂയിസ് എൻറിക്കെ, എന്നിവർ മികച്ച പരിശീലകന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.
ദേശീയ ടീമുകളുടെ ക്യാപ്റ്റന്മാർ, കോച്ചുമാർ, മാധ്യമപ്രവർത്തകർ, ആരാധകർ എന്നിവരുടെ വോട്ടിങ്ങിലൂടെയാണ് ഫിഫ അവാർഡുകൾ തീരുമാനിക്കുന്നത്. സെപ്റ്റംബറിൽ പാരിസിൽ നടന്ന ബാലൺ ഡി ഓർ ചടങ്ങിലെ വിജയികളുമായി ഇതേ പട്ടിക ആവർത്തിക്കപ്പെട്ടതും ശ്രദ്ധേയമായി.
പിഎസ്ജിയും ദക്ഷിണ അമേരിക്കൻ ചാമ്പ്യന്മാരായ ഫ്ലമെങ്കോയുമായുള്ള ഇന്റർകോണ്ടിനന്റൽ കപ്പ് മത്സരത്തിനോട് അനുബന്ധിച്ചാണ് ദോഹയിൽ സ്വകാര്യ വിരുന്നിനിടയിൽ ഫിഫ അവാർഡ് ചടങ്ങ് സംഘടിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

