
വെസ്റ്റ് ഇൻഡീസിനെതിരെ ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ മികച്ച പ്രകടനമാണ് യശസ്വി ജയ്‌സ്വാൾ കാഴ്ചവെച്ചത്. 258 ബോൾ നേരിട്ട താരം 175 റൺസാണ് അടിച്ചെടുത്തത്. 23 കാരനായ ഇടംകൈയ്യൻ ബാറ്റ്‌സ്മാന്റെ മനോഹരമായ ഇന്നിംഗസിനെ മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ബ്രയാൻ ലാറ പുകഴ്ത്തി.
ബിസിസിഐയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കിട്ട വീഡിയോയിൽ ലാറ ജയ്സ്വാളിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയും ‘ഞങ്ങളുടെ ബോളർമാരെ ഇങ്ങനെ തല്ലരുത്’ എന്ന് ജയ്സ്വാളിനോട് ലാറ പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഫോളോ ഓൺ വഴങ്ങിയ വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്‌സിലും പതർച്ചയോടെയാണ് ബാറ്റിങ് ആരംഭിച്ചിരിക്കുന്നത്. അവസാന വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 104 റൺസാണ് വിൻഡീസ് നേടിയിരിക്കുന്നത്. 55 റൺസുമായി ജോൺ കാംബെല്ലും 32 റൺസുമായി ഷായി ഹോപ്പുമാണ് ക്രീസിലുള്ളത്.
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ച് വിക്കറ്റും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റും വീഴ്ത്തി. സിറാജും, ബൂമ്രയും ഓരോ വിക്കറ്റും വീഴ്ത്തുകയുണ്ടായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

