
ചെറിയ ഇടവേളയ്ക്ക് ശേഷം ലയണൽ മെസി അർജന്‍റീന ടീമിലേക്ക് മടങ്ങിയെത്തുന്നു. നവംബർ പതിന്നാലിന് ലുവാണ്ടയിൽ അംഗോളയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ മെസി കളിക്കും. ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. അതേസമയം നാല് പുതുമുഖങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാക്സിമോ പെറോൺ, വാലന്റൈൻ ബാർകോ, ജോക്വിൻ പാനിചെല്ലി, ജിയാൻലൂക്ക പ്രെസ്റ്റിയാനി എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
നവംബർ 14-ന് ലുവാണ്ടയിലാണ് അർജന്‍റീനയുടെ മത്സരം. ഈ വർഷം അർജന്‍റീന കളിക്കുന്ന അവസാനത്തെ അന്താരാഷ്ട്ര സൌഹൃദ മത്സരം ആയിരിക്കും ഇത്. ഈ മാസം അവസാനം ഒരു മത്സരം കൂടി കളിക്കാൻ അർജന്‍റീനയ്ക്ക് അവസരമുണ്ടെങ്കിലും, അത് വേണ്ടെന്ന് വെച്ചിരിക്കുകയാണ് ടീം മാനേജ്മെന്‍റ്. പകരം അംഗോളയ്ക്കെതിരായ മത്സരത്തിന് ശേഷമുള്ള രണ്ടാഴ്ച സ്പെയിനിൽ പരിശീലനം നടത്താനാണ് ഉദ്ദേശിക്കുന്നത്.
അർജന്‍റീന ടീമിൽ പുതിയതായി എത്തിയ മാക്സിമോ പെറോൺ കോമോ 1907-ന്റെ മിഡ്ഫീൽഡറാണ്. മറ്റൊരുതാരം വാലന്റൈൻ ബാർകോ ഫ്രഞ്ച് ക്ലബ് ആർസി സ്ട്രാസ്ബർഗിന്റെ ലെഫ്റ്റ് ബാക്ക് ആയാണ് കളിക്കുന്നത്. ഈ സീസണിൽ ലീഗ് 1-ൽ മികച്ച പ്രകടനം കാഴ്ചവച്ചത് കണക്കിലെടുത്താണ് ദേശീയ ടീമിൽ ഉൾപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സഹതാരം ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന ജോക്വിൻ പാനിചെല്ലിയാണ് ടീമിലെത്തിയ മറ്റൊരു താരം.
Also Read- ‘ആ നേട്ടം കൈവരിച്ച് കഴിഞ്ഞാൽ പിന്നെ കുടുംബത്തോടൊപ്പം’: വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ
കൂടാതെ, അടുത്തകാലത്തായി അർജന്‍റീന ഫുട്ബോളിൽ സെൻശേഷനായി മാറിയ ജിയാൻലൂക്ക പ്രെസ്റ്റിയാനിയും ടീമിൽ ഇടംനേടി. ബെനിഫിക്കയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയും, ചിലിയിൽ നടന്ന ഫിഫ അണ്ടർ-20 ലോകകപ്പിൽ തിളങ്ങിയ താരവുമാണ് ഇദ്ദേഹം. മൊറോക്കോയോട് തോറ്റ അർജന്റീന ഫൈനലിലേക്ക് കുതിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ ഒരാളായിരുന്നു ഈ വിംഗർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

