
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി 2024-ൽ ആണ് ഗൗതം ഗംഭീർ ചുമതലയേൽക്കുന്നത്. ചില ശ്രദ്ധേയമായ വിജയങ്ങൾ അദ്ദേഹത്തിന് കീഴിൽ ഇന്ത്യ നേടി. 2025-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയും 2025-ലെ ഏഷ്യാ കപ്പും ഇന്ത്യ ജയിച്ചത് ഗംഭീറിന് കീഴിലാണ്. എന്നാൽ ടെസ്റ്റിലും ഏകദിനത്തിലും 44-കാരനായ ഗംഭീറിന് കീഴിൽ ഇന്ത്യ കിതയ്ക്കുകയാണ്. ഇരു ഫോർമാറ്റിലും ഇന്ത്യ ചില കനത്ത തോൽവികൾ ഏറ്റുവാങ്ങുകയും ചെയ്തു. ഇതുവരെ, ഗംഭീറിന്റെ പരിശീലനത്തിന് കീഴിൽ ഇന്ത്യ മൂന്ന് ടെസ്റ്റ് പരമ്പരകളും മൂന്ന് ഏകദിന പരമ്പരകളും തോറ്റു. കഴിഞ്ഞ ദിവസം ന്യൂസിലാൻഡിനെതിരെ സ്വന്തം നാട്ടിൽ ഏകദിന പരമ്പര തോറ്റതോടെ ഗംഭീറിനെതിരായ വിമർശനങ്ങൾക്ക് മൂർച്ചയേറുകയാണ്.
സ്വന്തം നാട്ടിൽ, ഇന്ത്യ രണ്ട് ടെസ്റ്റ് പരമ്പരകളും ഒരു ഏകദിന പരമ്പരയും തോറ്റു. 2024-ൽ ന്യൂസിലൻഡിനെതിരെയാണ് ആദ്യത്തെ വലിയ തിരിച്ചടി ടീം ഇന്ത്യ നേരിട്ടത്. ബെംഗളൂരു, പൂനെ, മുംബൈ എന്നിവിടങ്ങളിലായി നടന്ന മത്സരങ്ങളിൽ ഇന്ത്യ 3-0 ന് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടു. അടുത്തിടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടു, കൊൽക്കത്തയിലും ഗുവാഹത്തിയിലും തോറ്റു.
ഏകദിനത്തിൽ, 2026 ൽ ന്യൂസിലൻഡിനോട് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യ 2-1 ന് തോറ്റു. രാജ്കോട്ടിലും ഇൻഡോറിലുമായിരുന്നു ഇന്ത്യയുടെ തോൽവി. പതിറ്റാണ്ടുകൾക്ക് ശേഷമാണ് കീവിസിന് ഇന്ത്യൻമണ്ണിൽ ഏകദിന പരമ്പര ജയിക്കാനായത്.
Also Read- “കോഹ്‌ലിയെ മാത്രം ആശ്രയിച്ച് എത്രനാൾ?” പരമ്പര തോൽവിക്ക് പിന്നാലെ ഗംഭീറിനും ടീമീനും കടുത്ത വിമർശനം
വിദേശ പര്യടനങ്ങളിലും ഗംഭീറിന് കീഴിൽ ഇന്ത്യ പരാജയത്തിന്‍റെ കയ്പുനീർ കുടിച്ചുകൊണ്ടിരിക്കുകയാണ്. 2024-25 സീസണിൽ ഓസ്ട്രേലിയയോട് ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ടീം 3-1 ന് പരാജയപ്പെട്ടു, പെർത്തിൽ ഒരു വിജയം നേടാനായതാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിൽ ഏകദിന പരമ്പരയിലും ഇന്ത്യ 2-1 ന് പരാജയപ്പെട്ടു. ടീമിൽ പരിചയസമ്പന്നരായ കളിക്കാർ ഉണ്ടായിരുന്നിട്ടും സിഡ്‌നിയിൽ ഒരു മത്സരം മാത്രം വിജയിച്ചു. 2024 ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയായിരുന്നു ഗംഭീറിന്റെ പരിശീലകനെന്ന നിലയിൽ ആദ്യ നിയമനം. അവിടെ ഇന്ത്യ 2-0 ന് തോറ്റു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

