
ധരംശാലയിൽ ഞായറാഴ്ച നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മത്സരത്തിൽ അപകടകാരിയായ ട്രിസ്റ്റൻ സ്റ്റബ്സിനെ പുറത്താക്കി ഹാർദിക് ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി മാറി.
മത്സരത്തിന്റെ ഏഴാം ഓവറിലായിരുന്നു ഹാർദിക്കിന്റെ നിർണായക വിക്കറ്റ്. ഇതോടെ അർഷ്ദീപ് സിംഗിനും ജസ്പ്രീത് ബുമ്രയ്ക്കുമൊപ്പം 100 ടി20 വിക്കറ്റുകളുടെ ക്ലബ്ബിൽ ഹാർദിക് ഇടംപിടിച്ചു. പരമ്പരയുടെ ആദ്യ മത്സരത്തിൽ കട്ടക്കിൽ ഡുവാൾഡ് ബ്രെവിസിനെ പുറത്താക്കിയാണ് ബുമ്ര ഇതേ നേട്ടം കൈവരിച്ചത്.
Also read: ധരംശാലയിൽ ഇന്ത്യയുടെ ആധിപത്യം: ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് തകർത്തു, ടി20 പരമ്പരയിൽ 2–1 ലീഡ്
32 വയസ്സുള്ള ഹാർദിക് 123 ടി20ഐ മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റുകളും 1939 റൻസുകളുമാണ് നേടിയിട്ടുള്ളത് . ബൗളിങ്ങിൽ 26.78 ശരാശരിയും , 8.24 ഇക്കോണമിയുമുള്ള അദ്ദേഹത്തിന്റെ മികച്ച ബൗളിങ് പ്രകടനം 2023ൽ അഹമ്മദാബാദിൽ ന്യൂസിലൻഡിനെതിരെ നേടിയ 16 റൺസിന് 4 വിക്കറ്റ് ആണ്.
100 വിക്കറ്റുകൾ നേടിയ മൂന്നാമത്തെ ഇന്ത്യക്കാരൻ എന്നത് കൂടാതെ ഇന്ത്യക്കായി ടി20ഐയിൽ 100 വിക്കറ്റും 1000 റൺസും നേടുന്ന ആദ്യ താരമെന്ന അപൂർവ നേട്ടവും ഹാർദിക് സ്വന്തമാക്കി. ഈ ഡബിൾ നേടുന്ന ലോകത്തെ അഞ്ചാമത്തെ പുരുഷ ക്രിക്കറ്ററുമാണ് അദ്ദേഹം.
ഏഷ്യാകപ്പിന് ശേഷം പരിക്കിനെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ഹാർദിക്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്. ആദ്യ ടി20യിൽ 28 പന്തിൽ 59 റൺസും 16 റൺസിന് 1 വിക്കറ്റ് നേടിയ അദ്ദേഹം തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

