
സൂറിച്ച്: ടെന്നിസിൽ സാക്ഷാൽ റോജർ ഫെഡററുടെ നാട്ടുകാരെ തോൽപ്പിച്ച് ഇന്ത്യൻ മുന്നേറ്റം. ഡേവിസ് കപ്പ് വേൾഡ് ഗ്രൂപ്പ് I പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ചരിത്ര വിജയവും യോഗ്യതയും സ്വന്തമാക്കി ഇന്ത്യ. ആദ്യ റിവേഴ്‌സ് സിംഗിൾസിൽ യുവതാരം ഹെൻറി ബെർണറ്റിനെ പരാജയപ്പെടുത്തി സുമിത് നാഗൽ ഇന്ത്യക്ക് 3-1ന്റെ തകർപ്പൻ ജയം സമ്മാനിച്ചു. ഇതോടെ ഇന്ത്യ ചരിത്രത്തിലാദ്യമായി ഡേവിസ് കപ്പ് ക്വാളിഫയേഴ്സിന് യോഗ്യത നേടുകയായിരുന്നു.
നേരത്തെ നടന്ന ഡബിൾസ് മത്സരത്തിൽ എൻ ശ്രീറാം ബാലാജി – റിത്വിക് ബൊള്ളിപ്പള്ളി സഖ്യം യാക്കൂബ് പോൾ – ഡൊമിനിക് സ്ട്രിക്കർ ജോഡിയോട് കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെട്ടിരുന്നു. രണ്ട് മണിക്കൂറും 26 മിനിറ്റും നീണ്ട മത്സരത്തിൽ 7-6 (3), 4-6, 5-7 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ സഖ്യത്തിൻ്റെ പരാജയം. ഇതിന് ശേഷമാണ് നിർണായകമായ നാലാം മത്സരത്തിനായി നാഗൽ കളത്തിലിറങ്ങിയത്.
യഥാർത്ഥത്തിൽ ജെറോം കിമ്മിനെയാണ് നാഗൽ നേരിടേണ്ടിയിരുന്നത്. എന്നാൽ, നിർണായക മത്സരത്തിൽ നിലവിലെ ജൂനിയർ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ ഹെൻറി ബെർണറ്റിനെ സ്വിസ് ടീം കളത്തിലിറക്കി. മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ നാഗൽ 6-1, 6-3 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകളിൽ വിജയം സ്വന്തമാക്കി.
വെള്ളിയാഴ്ച നടന്ന സിംഗിൾസ് മത്സരങ്ങളിൽ സുമിത് നാഗലും അരങ്ങേറ്റക്കാരൻ ദക്ഷിണേശ്വർ സുരേഷും നേടിയ വിജയങ്ങളുടെ ബലത്തിൽ 2-0 എന്ന ലീഡുമായാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്.
Also Read- ലോങ് ജംപ് ലോക റെക്കോർഡ് ഇതിഹാസം മൈക്ക് പവലിന് അനിശ്ചിതകാലത്തേക്ക് വിലക്ക്
32 വർഷത്തിനിടെ ആദ്യമായാണ് ഒരു യൂറോപ്യൻ ടീമിനെ അവരുടെ നാട്ടിൽ വെച്ച് ഇന്ത്യ പരാജയപ്പെടുത്തുന്നത്. 1993-ൽ ലിയാൻഡർ പേസും രമേഷ് കൃഷ്ണനും അടങ്ങിയ ടീം ഫ്രാൻസിനെ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ യൂറോപ്യൻ എവേ വിജയമാണിത്. 2022-ൽ ഡൽഹിയിൽ വെച്ച് പുൽക്കോർട്ടിൽ ഇന്ത്യ ഡെൻമാർക്കിനെ പരാജയപ്പെടുത്തിയിരുന്നു.
ഡേവിസ് കപ്പ് ക്വാളിഫയേഴ്സിൻ്റെ ആദ്യ റൗണ്ട് 2026 ജനുവരിയിൽ നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

