
റായ്പൂർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. റൺമഴ പെയ്ത പോരാട്ടത്തിൽ നാലു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഇന്ത്യ ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം, നാലു പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. എയ്ദൻ മാർക്രം നേടിയ തകർപ്പൻ സെഞ്ച്വറിയാണ്(98 പന്തിൽ 110) സന്ദർശകരുടെ വിജയം സാധ്യമാക്കിയത്. മാത്യു ബ്രീറ്റ്സ്കെ(64 പന്തിൽ 68), ഡവാൾഡ് ബ്രെവിസ്(34 പന്തിൽ 54) എന്നിവരുടെ അർദ്ധ സെഞ്ചറികളും ദക്ഷിണാഫ്രിക്കൻ വിജയത്തിൽ നിർണായകമായി. ഈ വിജയത്തോടെ ഏകദിന പരമ്പരയിൽ ഇന്ത്യക്കൊപ്പം എത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു (1-1).
നേരത്തെ വിരാട് കോഹ്‌ലിയുടെയും ഋതുരാജ് ഗെയ്‌ക്‌വാദിന്റെയും തകർപ്പൻ സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് അടിച്ചുകൂട്ടി.
തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി, തന്റെ ഏകദിന കരിയറിലെ 53-ാം സെഞ്ച്വറിയാണ് റായ്പൂരിൽ കുറിച്ചത്. 93 പന്തുകൾ നേരിട്ട കോഹ്‌ലി 102 റൺസ് നേടി പുറത്തായി. യുവതാരം ഋതുരാജ് ഗെയ്‌ക്‌വാദ് തന്റെ കന്നി ഏകദിന സെഞ്ച്വറി (105) നേടി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 195 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ALSO READ: തുടർച്ചയായ സെഞ്ച്വറികൾ; ഗില്ലിനെ പിന്തള്ളി കോഹ്ലി ഐസിസി റാങ്കിങ്ങിൽ മുന്നേറി
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമ്മയെ (14) വേഗത്തിൽ നഷ്ടമായിരുന്നു. എന്നാൽ കോഹ്‌ലി-ഗെയ്‌ക്‌വാദ് സഖ്യം ഇന്ത്യയെ കരകയറ്റി. അവസാന ഓവറുകളിൽ കെ.എൽ രാഹുൽ (43 പന്തിൽ 66 റൺസ്) നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ 350 കടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

