
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച് ഇന്ത്യൻ വനിതകൾ. നിശ്ചിത ഓവറിൽ റെക്കോർഡ് സ്കോറായ 221 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ ശ്രീലങ്കയെ 30 റൺസിന് തകർത്ത് നാലാം ടി 20 യിലും ജയം സ്വന്തമാക്കി. ഓപ്പണർമാരായ സ്മൃതി മന്ദനയുടെയും ഷഫാലി വർമ്മയുടെയും തകർപ്പൻ അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതിയും ഷഫാലിയും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ പന്ത് മുതൽ ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ച ഇരുവരും പവർപ്ലേയിൽ തന്നെ 61 റൺസ് അടിച്ചുകൂട്ടി.
പിന്നാലെ പിറന്നത് നിരവധി റെക്കോർഡുകൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് എന്ന നേട്ടം സ്മൃതി മന്ദന പിന്നിട്ടു. ടി-20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തിയ സ്മൃതി- ഷഫാലി സഖ്യം 162 റൺസ് അടിച്ചുകൂട്ടി. ഷഫാലി വർമ്മയ്ക്ക് പരമ്പരയിലെ തുടർച്ചയായ മൂന്നാം അർധസെഞ്ച്വറി.
ALSO READ: ഇരട്ടഗോളുമായി ക്രിസ്റ്റ്യാനോ; അൽ നസറിന് തുടർച്ചയായി പത്താം ജയം, ഇനി ലക്ഷ്യം ലീഗ് കിരീടം
46 പന്തിൽ 79 റൺസെടുത്ത ഷഫാലിയെ പുറത്താക്കി നിമാഷ മിപാഗെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ 48 പന്തിൽ 80 റൺസുമായി സ്മൃതിയും മടങ്ങി. അവസാന ഓവറുകളിൽ റിച്ച ഘോഷ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 220 കടത്തിയത്.
222 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക തുടക്കത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ചു. 5 ഓവറിൽ തന്നെ അവർ 50 റൺസ് കടന്നു. ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു അർധസെഞ്ച്വറിയുമായി പൊരുതിയെങ്കിലും 12-ാം ഓവറിൽ വൈഷ്ണവി ശർമ ചമാരിയെ പുറത്താക്കിയതോടെ ലങ്ക പതറി. പിന്നാലെ വന്ന ഇമേഷ ദുലാനി, ഹർഷിത സമര വിക്രമ, നിലാക്ഷി ഡി സിൽവ, രശ്മിക എന്നിവരുടെ വിക്കറ്റുകൾ തുടരെ നഷ്ടമായതോടെ ശ്രീലങ്ക 191 റൺസിൽ അവസാനിച്ചു. പരമ്പരയിലെ അവസാന മത്സരം ഡിസംബർ 30 നു നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

