
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അവരുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തിനായി തയ്യാറെടുക്കുകയാണ്. രാജ്യത്തെ സംബന്ധിച്ച് ഇത് വെറുമൊരു ഫൈനൽ മാത്രമല്ല, ചരിത്രം തിരുത്തിക്കുറിക്കാനുള്ള അവസരം കൂടിയാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തങ്ങളുടെ കന്നി കിരീടത്തിനായുള്ള പോരാട്ടത്തിന് ഇന്ന് നവി മുംബൈയിലെ ഡോക്ടർ ഡിവൈ പാട്ടിൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയം സാക്ഷിയാകും.
ഇത് മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. രണ്ട് തവണയുമുണ്ടായ ആ നിരാശ മൂന്നാം അവസരത്തിൽ വിജയമാക്കി മാറ്റുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. 1983ൽ ‘കപിലിന്‍റെ ചെകുത്താൻമാർ’ ഇന്ത്യൻ ക്രിക്കറ്റിന്റെ ഗതി മാറ്റിയെഴുതിയതുപോലെ, ഈ വിജയം വനിതാ ക്രിക്കറ്റിനും ഒരു വഴിത്തിരിവായേക്കുമെന്നതിൽ സംശയമില്ല.
ALSO READ: ആര് ആ കപ്പിൽ മുത്തമിട്ടാലും അത് ചരിത്രം; വനിതാ ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരാട്ടം ഇന്ന്, എവിടെ എപ്പോൾ കാണാം?
‘ദംഗൽ’ എന്ന ബോളിവുഡ് സിനിമയിൽ ആമീർ ഖാൻ അവതരിപ്പിച്ച മഹാവീർ സിംഗ് ഫോഗട്ടിന്റെ വാക്കുകൾ കടമെടുത്താൽ “വെള്ളി നേടിയാൽ നാളെയോ അത് കഴിഞ്ഞോ ആളുകൾ നിങ്ങളെ മറക്കും, സ്വർണം നേടിയാൽ നിങ്ങൾ ഒരു റോൾ മോഡലായി മാറും, റോൾ മോഡലുകളെ ആരും മറക്കില്ല”. സിനിമയിലേത് പോലൊരു വിജയത്തിനാണ് ഇപ്പോൾ ഇന്ത്യൻ വനിതകൾ ലക്ഷ്യമിടുന്നത്.
സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ 339 റൺസിന്റെ റെക്കോർഡ് റൺ ചേസ് വിജയിച്ചതിന്റെ ആത്മവിശ്വാസം ഈ ഫൈനലിൽ ഇന്ത്യയ്ക്ക് കരുത്തായി കൂടെ തന്നെയുണ്ട്. അതുപോലെ തന്നെ സെമിയിൽ ഗംഭീര പാർട്ടണർഷിപ്പ് തീർത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ജെമീമ റോഡ്രിഗസിൻ്റേയും മേലെയാണ് സ്പോർട്സ് ലോകത്തിന്റെ എല്ലാ കണ്ണുകളും. ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ കൺസിസ്റ്റൻസി നിലനിർത്താൻ കഴിയാത്തതിന് പഴികൾ ഏറ്റുവാങ്ങുന്ന സ്‌മൃതി മന്ദാന വിമർശകരെ നിശബ്ദയാക്കാൻ കിട്ടിയ അവസരം വിനിയോഗിക്കേണ്ട ആവശ്യകതയും നിലനിൽക്കുന്നുണ്ട്.
ഇന്ത്യയുടെ ഓപ്പോസിറ്റ് നിൽക്കുന്നവരെ അങ്ങനെ എഴുതി തള്ളാൻ കഴിയുന്ന ഒരു ടീം അല്ല എന്നതാണ് പ്രധാന ഘടകം. ദക്ഷിണാഫ്രിക്ക ശക്തരായ എതിരാളികളാണ്. ടൂർണമെന്റിൽ അവർ മുമ്പ് ഒരിക്കൽ ഇന്ത്യയെ തോൽപ്പിച്ചിട്ടുമുണ്ട്. വനിതാ ക്രിക്കറ്റിൽ അവരും തയ്യാറെടുക്കുന്നത് കന്നിക്കിരീടത്തിനായുള്ള പോരാട്ടത്തിനാണ്. ടൂർണമെന്റിലെ പ്രധാന റൺവേട്ടക്കാരിയും അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഓരാളുമായ ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പുകളിലെ മികച്ച ഓൾറൗണ്ടർ മരിസാൻ കാപ്പ്,സുനെ ലൂസ്, ക്ലോ ട്രയോൺ, നദീൻ ഡി ക്ലർക്ക് എന്നിവർ ഉൾപ്പെടുന്ന ശക്തമായ നിരയാണ് ദക്ഷിണാഫ്രിക്കയുടേത്.
ഈ ഫൈനൽ ഇരുടീമുകൾക്കും തുല്യ അവസരമുള്ള മത്സരമാണ്. സ്വന്തം നാട്ടിൽ വെച്ച് ഏറ്റവും വലിയ കിരീടം നേടുന്നതിനേക്കാൾ വലിയ ഫീലിങ്സ് മറ്റൊന്നില്ല, അതുപോലെ പരാജയപ്പെട്ടാൽ അതിലും വലിയ ദുഃഖവും വേറെയൊന്ന് ഇല്ല. ഇന്നത്തെ ഈ കലാശപ്പോരാട്ടം എക്കാലത്തെയും മികച്ച ഫൈനലുകളിൽ ഒന്നാകുമെന്നതിൽ തീർച്ചയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

