
ടി-20 ചരിത്രത്തിൽ ചരിത്രനേട്ടവുമായി ഇൻഡൊനീഷ്യയുടെ വലംകൈയൻ പേസർ ഗെഡെ പ്രിയന്ദന. ഒരു ഓവറിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയാണ് ഈ 28-കാരൻ റെക്കോഡിട്ടത്. അന്താരാഷ്ട്ര ടി-20യിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി ഗെഡെ പ്രിയന്ദന മാറി.
ചൊവ്വാഴ്ച ബാലിയിൽ നടന്ന കംബോഡിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു പ്രിയന്ദന തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്. മത്സരത്തിൽ ഒരേയൊരു ഓവർ മാത്രമാണ് താരം പന്തെറിഞ്ഞത്. ഒരു റൺ മാത്രം വഴങ്ങി അഞ്ചു വിക്കറ്റും വീഴ്ത്തി. പുരുഷ, വനിതാ അന്താരാഷ്ട്ര മത്സരങ്ങളിൽ ആദ്യമായാണ് ഒരു താരം ഒരു ഓവറിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തുന്നത് എന്നതും ശ്രദ്ധേയം. ലസിത് മലിംഗ, റാഷിദ് ഖാൻ, ജേസൺ ഹോൾഡർ എന്നിവർ മുൻപ് ഒരു ഓവറിൽ നാലു വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ആദ്യം ബാറ്റ് ചെയ്ത ഇന്തോനീഷ്യയ്ക്ക് 168 റൺസാണ് നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കംബോഡിയ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു പ്രിയന്ദനയുടെ വരവ്. ആദ്യ മൂന്ന് പന്തുകളിൽ ഷാ അബ്രാർ ഹുസൈൻ, നിർമ്മൽജിത് സിങ്, ചന്തൂൺ രത്തനക് എന്നിവരെ പുറത്താക്കി താരം ഹാട്രിക്കടിച്ചു. അടുത്ത പന്ത് വൈഡ് ആയപ്പേൾ അടുത്ത പന്ത് ഡോട്ട് ബോളായി. പിന്നാലെ അഞ്ചാം പന്തിൽ മോങ്ദാര സോക്കിനെയും ആറാം പന്തിൽ പെൽ വെണ്ണാക്കിനെയും പുറത്താക്കിയ പ്രിയന്ദന കംബോഡിയയെ കൂടാരം കേറ്റി, 60 റൺസിന് ഇൻഡൊനീഷ്യ വിജയം സ്വന്തമാക്കി.
ALSO READ: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പോരാട്ടത്തിനൊരുങ്ങി തലസ്ഥാനം
അതേസമയം ആഭ്യന്തര ക്രിക്കറ്റിൽ നേരത്തെ രണ്ട് താരങ്ങൾ ഒരു ഓവറിൽ അഞ്ചു വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2013-14 വിക്ടറി ഡേ ടി-20 കപ്പിൽ യുസിബി-ബിസിബി ഇലവനുവേണ്ടി കളിച്ച അൽ-അമിൻ ഹുസൈനാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. പിന്നീട് 2019-20 സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമി ഫൈനലിൽ മുൻ ഇന്ത്യൻ താരം അഭിമന്യു മിഥുനും ഇത്തരത്തിൽ ഒരോവറിൽ അഞ്ചു വിക്കറ്റുകൾ നേടി. അന്ന് കർണാടകയ്ക്കായാണ് അഭിമന്യു ഗ്രൗണ്ടിലിറങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

