
ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ വിവാദമൊഴിയാതെ ഇന്ത്യൻ പ്രീമിയർ ലീഗ്. ഇത്തവണ ഐപിഎൽ ലോഗോയുടെ ‘ബംഗ്ളാദേശി ബന്ധത്തെ’ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ വിവാദം സജീവമാകുകയാണ്. ഐപിഎൽ ലോഗോ ബംഗ്ലാദേശ് മുൻ നായകനും ഫാസ്റ്റ് ബൗളറുമായ മഷ്റഫി ബിൻ മോർതസയുടെ ബാറ്റിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന ആരോപണമാണ് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്.
മോർതസ ബാറ്റ് ചെയ്യുന്ന ഒരു പഴയ ചിത്രം, ഐപിഎൽ ലോഗോയുമായി താരതമ്യം ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദം ശക്തമായത്. ഇതിനെ തുടർന്ന് ചില ആരാധകർ ബിസിസിഐയോട് ഐപിഎൽ ലോഗോ മാറ്റണമെന്ന ആവശ്യം പോലും ഉന്നയിച്ചിട്ടുണ്ട്. ബംഗ്ലാദേശി താരങ്ങളെ വേണ്ടാത്ത ലീഗ് എന്തിനു തങ്ങളുടെ താരത്തിന്റെ ചിത്രം ഉപയോഗിക്കുന്നു എന്ന വിമർശനവുമായി ഒരു വിഭാഗം ബംഗ്ലാദേശി ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയതാണ് വിവാദം ചൂട് പിടിപ്പിച്ചത്.
Also Read: മുസ്തഫിസൂർ റഹ്മാനെ ഒഴിവാക്കാൻ ഷാരൂഖ് ഖാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബിസിസിഐ
ബംഗ്ലാദേശിൽ ഏതാനും നാളുകളായി നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങളുടെയും മതന്യൂനപക്ഷങ്ങ ക്കെതിരായുള്ള ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബിസിസിഐ അവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഐപിഎൽ സംപ്രേക്ഷണത്തിന് ബംഗ്ലാദേശ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതും വാർത്ത ആയിരുന്നു.
ഐപിഎൽ ലോഗോയെ പറ്റി ആരോപണം ഉയരുന്നത് ഇതാദ്യമായല്ല. തങ്ങളുടെ ഇഷ്ടതാരമായ എ ബി ഡിവില്ലിയർസ് ആണ് ലോഗോയുടെ അടിസ്ഥാനമെന്ന് ഒരു വിഭാഗം ആരാധകർ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ലോഗോ നിലവിൽ വന്ന 2007 ഇൽ ഡിവില്ലിയർസ് ഇന്നത്തെ 360-ഡിഗ്രി സൂപ്പർതാരം ആയിരുന്നില്ല എന്നും അതിനാൽ അങ്ങനെ ആകാൻ വഴിയില്ല എന്നും മറുവിഭാഗം ആരോപിക്കുന്നു.
എന്നാൽ യഥാർത്ഥത്തിൽ മോർതസയോ ഡിവില്ലിയർസോ ആണോ ലോഗോയുടെ അടിസ്ഥാനം? ലോഗോ ഡിസൈൻ ചെയ്ത യുകെ ആസ്ഥാനമായ ഡിസൈൻ ഏജൻസിയായ വെഞ്ജുവർ ത്രി, ഐപിഎൽ ലോഗോയ്ക്ക് പ്രചോദനമായത് ഒരു പ്രത്യേക കളിക്കാരനാണെന്ന തരത്തിലുള്ള പ്രസ്താവന ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബിസിസിഐയുടെയും ഡിസൈൻ ടീമിന്റെയും വിശദീകരണമനുസരിച്ച്, ഈ ലോഗോ ഏതെങ്കിലും പ്രത്യേക വ്യക്തിയെ പ്രതിനിധീകരിക്കുന്നതല്ല; മറിച്ച് ആധുനിക ടി20 ക്രിക്കറ്റിലെ ഒരു സാധാരണ ബാറ്റ്സ്മാന്റെ പ്രതീകാത്മക രൂപമാണ് .
ഒരു കളിക്കാരനെയല്ല , ക്രിക്കറ്റിന്റെ ആവേശവും ചലനാത്മകതയും പ്രതിനിധീകരിക്കുന്ന ഒരു ബിംബമാണ് ലോഗോ എന്ന് ബിസിസിഐ മുൻപ് വിശദീകരിച്ചിരുന്നു. പക്ഷെ, ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗായ ഐപിഎലിന്റെ ലോഗോയെക്കുറിച്ചുള്ള ഈ ആരോപണം ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയായി തുടരുകയാണ്. ബിസിസിഐയുടെ പ്രതികരണമാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

