മോഹന്‍ ബഗാന് പിന്നാലെ കട പൂട്ടാൻ കേരള ബ്ലാസ്റ്റേഴ്സും; ഈ സീസൺ ഐഎസ്‌എൽ നടക്കുമോ ?

isl-crisis-KERALA BLASTERS MOHAN BAGAN

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്‌എൽ) ഭാവി സംബന്ധിച്ച പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തുകയാണെന്ന്‌ ആണ് പല ക്ലബുകളും അറിയിച്ചിരിക്കുന്നത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ ഈ കാര്യം അറിയിച്ചിട്ടുണ്ട്. ഡിസംബറില്‍ ഐഎസ്എല്‍ ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ പല ക്ലബുകളും പരിശീലനത്തിനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ വാണിജ്യ പങ്കാളികളെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ലീഗ് ഇത്തവണ നടക്കുമോയെന്ന് പോലും വ്യക്തമല്ല. ഇതോടെയാണ് മോഹന്‍ ബഗാന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബുകളും മോഹന്‍ ബഗാന്റെ പാത പിന്തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

തങ്ങള്‍ സ്തംഭനാവസ്ഥയിലാണെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റര്‍ജി മാധ്യമങ്ങളോട് പ്രതികരിച്ചത്. താരങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഭാവിയില്‍ ആശങ്കയുണ്ട്. എല്ലാവരും നിരാശരാണ്. ശുഭാപ്തിവിശ്വാസികളാകാന്‍ ശ്രമിക്കാം. പക്ഷേ മുന്നോട്ട് പോകുന്തോറും ആശങ്ക വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നാണ് റിപ്പോര്‍ട്ട്.

പരിശീലനം എന്ന് പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് അറിയില്ലെന്നാണ് ചെന്നൈ എഫ്‌സി താരങ്ങളെ അറിയിച്ചത്. എഫ്‌സി ഗോവയും, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും താരങ്ങള്‍ക്ക് ദീര്‍ഘനാളത്തെ അവധി അനുവദിച്ചു. നവംബര്‍ 12 വരെ ബെംഗളൂരു എഫ്‌സി ഇടവേളയെടുത്തിട്ടുണ്ട്. ഒഡീഷ എഫ്‌സിയും ഇതുവരെ പ്രീ സീസണ്‍ ആരംഭിച്ചിട്ടില്ല.

ALSO READ: 34 റൺസ് നേടിയ ഇന്നിംഗ്‌സിന് 34 ലക്ഷം രൂപ ക്യാഷ് അവാർഡ്; ഡിഎസ്പിയായി നിയമനവും സ്വർണ ബാറ്റും പന്തും; വനിതാ ലോകകപ്പ് ജേതാവ് റിച്ച ഘോഷിന് ലഭിച്ച സമ്മാനങ്ങൾ

ചില ക്ലബുകള്‍ താരങ്ങളുടെ ശമ്പളം താല്‍ക്കാലികമായി നിര്‍ത്തിയേക്കുമെന്നും, കരാറുകള്‍ അവസാനിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മത്സരമില്ലെങ്കില്‍ പരിശീലിക്കുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളതെന്നാണ് ക്ലബുകളുടെ ചോദ്യം. എന്തായാലും ലീഗിന്റെ ഭാവി എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്ലബുകളും ആരാധകരും.

നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ എഐഎഫ്എഫ് കാര്യക്ഷമമായി ഇടപെടണമെന്നാണ് ആരാധകരുടെ ആവശ്യം. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ബിസിസിഐ ഇടപെടണമെന്ന്‌ ഈസ്റ്റ് ബംഗാൾ സീനിയർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ദേബബ്രത ആവശ്യപ്പെട്ടിരുന്നു.

പുതിയ സാഹചര്യത്തിൽ ഇ‍ൗ സീസണിൽ ടൂർണമെന്റ്‌ നടത്താൻ സാധ്യതയില്ല. 24 ലീഗ്‌ മത്സരങ്ങൾ നിശ്‌ചിത സമയം കൊണ്ട്‌ നടത്തിതീർക്കാമെന്ന്‌ ഫെഡറേഷന്‌ പോലും ഉറപ്പില്ല. അതേസമയം, ടെൻഡർ കാലാവധി ഇ‍ൗ മാസം ഏഴിന്‌ അവസാനിച്ച സാഹചര്യത്തിൽ 11ന്‌ പുതിയത്‌ വിളിക്കാനുള്ള ഒരുക്കത്തിലാണ്‌ ഫെഡറേഷൻ. വിരമിച്ച ജഡ്‌ജി നാഗേശ്വര റാവു അധ്യക്ഷനായ സമിതി രണ്ട്‌ ദിവസത്തിനുള്ളിൽ യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News