ജെമീമ: ദ റിയല്‍ ജെം; ഇന്ത്യയെ ഫൈനലില്‍ എത്തിച്ച ചേസിങ് സ്റ്റാറായി ഈ ഓള്‍റൗണ്ടര്‍

jemimah-rodrigues-india-women-vs-australia-women

വാട്ട് എ ചേസിങ്. ചെളിപുരണ്ട നീലക്കുപ്പായം 145 കോടി ജനതയ്ക്ക് അഭിമാന സ്തംഭമായ നിമിഷങ്ങള്‍. എന്തൊരു മനോഹാരിതയായിരുന്നു ഇന്നലത്തെ രാത്രിക്ക്. സാധ്യതകള്‍ മാറിമറിഞ്ഞ ത്രില്ലിങ് മാച്ചില്‍ ഒരറ്റത്ത് നിലയുറപ്പിച്ച് ഇന്ത്യയ്ക്ക് മഹാ വിജയം നേടിക്കൊടുത്ത പുപ്പുലി… ജെമീമ റോഡ്രിഗസ്… ദി റിയല്‍ ജെം…

രണ്ടാം ഓവറില്‍ ക്രീസിലെത്തി 49ാം ഓവര്‍ വരെ വിയര്‍പ്പൊഴുക്കിയാണ് ജെമീമ റോഡ്രിഗസ് സെഞ്ചുറിത്തിളക്കത്തോടെ ഇന്ത്യയെ ലോകകപ്പ് ഫൈനലിലെത്തിച്ചത്. ഇന്നലെ രാത്രി ചരിത്രം വഴിമാറുകയായിരുന്നു ജെമീമയ്ക്ക് മുന്നില്‍.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 338 എന്ന കൂറ്റന്‍ സ്‌കോറിന് മറുപടി നല്‍കുന്നതിനിടെ തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടിരുന്നു ഇന്ത്യ. ആദ്യം ഓപണര്‍ ഷഫാലി വര്‍മയും അധികം വൈകാതെ സ്മൃതി മന്ദാനയും പവലിയനില്‍ എത്തുമ്പോള്‍ സ്‌കോര്‍ വെറും 59. അപ്പോഴേക്കും പത്താം ഓവര്‍ എത്തിയിരുന്നു.

Read Also: വനിത ഏകദിന ലോകകപ്പ് സെമി: ഓസ്ട്രേലിയയ്ക്കെതിരെ 1,000 റൺസ് തികച്ച് സ്മൃതി മന്ദാന: നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരം

പിന്നീട് അങ്ങോട്ട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയും കൂട്ടി ജെമീമ സ്‌കോര്‍ പടുത്തുയര്‍ത്തി. മൂന്നാം വിക്കറ്റില്‍ 167 റണ്‍സാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഇന്ത്യൻ തകര്‍ച്ച കണ്ട് ടി വിയും മൊബൈലും ഓഫാക്കി പോയവര്‍ വീണ്ടും ലൈവിലേക്ക് തിരിച്ചുവന്ന ത്രില്ലിങ് നിമിഷങ്ങള്‍. 89 റണ്‍സെടുത്താണ് ഹര്‍മന്‍പ്രീത് പുറത്തായത്.

പിന്നീട്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, അമന്‍ജോത് കൗര്‍ എന്നിവരെ കൂട്ടി 48.3 ഓവറില്‍ ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു ജെമീമ…. ദ റിയല്‍ വാരിയര്‍. പുറത്താകാതെ 127 റണ്‍സാണ് ഈ 25കാരി നേടിയത്. ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം.. വീണ്ടുമൊരു ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ എത്തുകയും ചെയ്തു. ഫൈനലിലെ കടമ്പ സൗത്ത് ആഫ്രിക്കയാണ്.

Read Also: ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു

2021ലെ ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല ജെമീമ. പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്തു. എന്ന് മാത്രമല്ല തീവ്രഹിന്ദുത്വവാദികളുടെ കടുത്ത സൈബര്‍- വെര്‍ബല്‍ ആക്രമണം നേരിട്ടിരുന്നു ജെമീമയും കുടുംബവും. ജിമ്മിന് അവസരം പോലും നിഷേധിക്കപ്പെട്ടു. മുംബൈയിലെ പഴയ ക്ലബുകളിലൊന്നായ ഖര്‍ ജിംഖാന അവരുടെ മെമ്പര്‍ഷിപ്പ് റദ്ദാക്കിയിരുന്നു. ക്ലബ് വളപ്പില്‍ ജെമീമയുടെ പിതാവ് ഇവാന്‍ മതപരമായ പ്രവര്‍ത്തനം നടത്തിയെന്നും ഇത് മതപരിവര്‍ത്തനം ആണെന്നും ആരോപിച്ചായിരുന്നു ഇത്. ഈ സംഭവത്തിന് അധികം പഴക്കമൊന്നുമില്ല. ഒരു വര്‍ഷം മുമ്പ് ഒക്ടോബറിലായിരുന്നു. ഏതാണ്ട് ഇതേ സമയത്ത്.

ഈ ലോകകപ്പില്‍ തന്നെ അഡീഷണല്‍ ഒപ്ഷന്‍ മാത്രമായിരുന്നു അവര്‍. രണ്ട് പരാജയങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ബോളിങ് പകരക്കാരി എന്ന നിലയില്‍ അവര്‍ വന്നത്. എന്നാല്‍, ചൊവ്വാഴ്ച മൂന്നാം നമ്പറില്‍ ക്യാപ്റ്റനും കോച്ചും ജെമീമയെ പരീക്ഷിച്ചു. ആ പരീക്ഷണത്തില്‍ വിജയിച്ചതിന്റെ അഭിമാനം, ചെളി പുരണ്ട ജഴ്‌സിയുമായി മൈതാനത്ത് വിജയാഘോഷം നടത്തുമ്പോള്‍ അവരുടെ മുഖത്തുണ്ടായിരുന്നു. 15ാം വയസ് വരെ ഹോക്കിയെ പ്രണയിച്ച അവരുടെ വഴി പക്ഷേ ക്രിക്കറ്റായിരുന്നു.

Read Also: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍ ക്യാബിനറ്റ് പദവിയോടെ തെലങ്കാന മന്ത്രിസഭയിലേക്ക്

ജെമീമയുടെത് മാത്രമല്ല, ഇന്ത്യന്‍ വനിതാ ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടിയാണിത്. ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ശ്രേയാ ഘോഷാല്‍ ആലപിച്ച ദേശീയഗാന വീഡിയോയുടെ ചുവട്ടില്‍ പ്രത്യക്ഷപ്പെട്ട കമന്റുകളിലൊന്ന്, ഈ ലോകകപ്പില്‍ ഒരു ഇന്ത്യന്‍ വനിതയില്‍ നിന്ന് ഉണ്ടാകാന്‍ ഇടയുള്ള ഒരേയൊരു മികച്ച പെര്‍ഫോമന്‍സാണ് ഇതെന്നായിരുന്നു. സ്ത്രീശക്തിയെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്ന പുരുഷാധിപത്യ പ്രവണത ഇവിടെയും നുരഞ്ഞുപൊങ്ങി. ചോക്കേഴ്‌സ് എന്ന് എത്ര തവണ എലീറ്റഡ് ഇന്ത്യന്‍ ഫാന്‍സ് അവരെ വിളിച്ചു. ശരിയാണ് ലോകകപ്പില്‍ പല മത്സരങ്ങളിലും അവര്‍ തോറ്റിട്ടുണ്ട്. പക്ഷേ നിര്‍ണായക മത്സരങ്ങളില്‍ ജയിച്ച് സെമി ഫൈനലും കടന്ന്, ശക്തരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഫൈനലിലുമെത്തി. കാത്തിരിക്കാം, ആഫ്രിക്കന്‍ കരുത്തിനെയും പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഉയര്‍ത്തി 145 കോടിയോളം വരുന്ന ഇന്ത്യക്കാര്‍ക്ക് അഭിമാനമാകാന്‍….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News