
പുതുവർഷ പിറവിയിലെ ആദ്യ വാർത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്ര ശുഭകരമായ ഒന്നല്ല. ആരാധകർക്ക് അപ്രതീക്ഷിത ആഘാതം നൽകി ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ക്ലബ്. ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാം എല്ലാമായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ക്ലബിനോട് താത്കാലികമായി വിട പറയുന്നു. 2025-26 സീസണിൽ ഒരു വിദേശ ക്ലബ്ബിലേക്ക് ലൂണയെ ലോൺ അടിസ്ഥാനത്തിൽ മാറും. ഇരുപക്ഷവും തമ്മിലുള്ള ധാരണ പ്രകാരമാണ് ഈ തീരുമാനമെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. ഉറുഗ്വേൻ മിഡ്ഫീൽഡർ ഏത് ടീമിൽ ചേരുമെന്ന് ഐഎസ്എൽ ടീം സ്ഥിരീകരിച്ചിട്ടില്ല.
2021-ൽ ടീമിനൊപ്പം ചേർന്ന ലൂണ, 2027 വരെ കരാർ നീട്ടിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒരു സീസണിലേക്ക് ഇന്ത്യ വിടാൻ തീരുമാനിക്കുകയായിരുന്നു. ലൂണയുടെ പ്രൊഫഷണലിസത്തെ ക്ലബ്ബ് അഭിനന്ദിക്കുകയും വിദേശത്തെ പുതിയ ദൗത്യത്തിന് ആശംസകൾ നേരുകയും ചെയ്തു.
ALSO READ: ഓസ്ട്രേലിയൻ ടി20 ലോകകപ്പ് ടീമിനെ മിച്ചൽ മാർഷ് നയിക്കും
2021 ൽ ബ്ലാസ്റ്റേഴ്സിൽ ചേർന്ന ലൂണ, എല്ലാ മത്സരങ്ങളിലുമായി 71 മത്സരങ്ങൾ കളിച്ചു, 15 ഗോളുകൾ നേടി. ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ നിരയുടെ നട്ടെല്ലും ടീമിന്റെ പടനായകനുമായ ലൂണയുടെ മടക്കം തെല്ലൊന്നുമല്ല ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഐഎസ്‌എല്ലിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനെ തുടർന്നാണ് ലൂണയുടെ വിടവാങ്ങൽ.
എഐഎഫ്‌എഫും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (എംആർഎ) കാലഹരണപ്പെട്ടതിനെത്തുടർന്ന്, സാധാരണയായി സെപ്റ്റംബറിൽ ആരംഭിക്കുന്ന ഒരു ഐഎസ്‌എൽ സീസൺ ഈ സീസൺ മാറ്റിവച്ചിരിക്കുന്നു, ബിസിനസ് മോഡൽ അനിശ്ചിതത്വത്തിലാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ 2025-26 സീസണിലെ പങ്കാളിത്തവും ഫോര്‍മാറ്റും ജനുവരി 1 വ്യാഴാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിക്കണമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ ഐഎസ്എല്‍ ക്ലബ്ബുകള്‍ക്കും എഐഎഫ്എഫിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എം സത്യനാരായണന്‍ കത്തയച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

