
ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ സുവര്‍ണനേട്ടം കരസ്ഥമാക്കി എറണാകുളം ആലുവ സ്വദേശിനിയായ സെഫാനിയ. കഴിഞ്ഞ സ്‌കൂള്‍ മീറ്റില്‍ ഇതേ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ സെഫാനിയയുടെ ഇത്തവണത്തെ സ്വര്‍ണമെഡലിന് തിളക്കമേറയുണ്ട്. കഴിഞ്ഞ മെയ് മാസമാണ് തന്റെ താങ്ങും തണലുമായുമായിരുന്ന പിതാവിനെ ആകസ്മികമായി പിടിപെട്ട മഞ്ഞപിത്തം മൂലം സെഫാനിയക്കും കുടുംബത്തിനും നഷ്ടമായത്. തന്റെ പ്രിയപ്പെട്ട പപ്പ വിടപറയുമ്പോള്‍ ഒരു കാര്യം മാത്രമാണ് സെഫാനിയയോട് ആവശ്യപ്പെട്ടത്, ‘കഴിഞ്ഞ സ്‌കൂള്‍ മീറ്റില്‍ നിന്ന് നേടിയ വെള്ളി മെഡല്‍ അടുത്ത തവണ സ്വര്‍ണമാകണം’.
പിതാവിന് നല്‍കിയ വാക്കിനെക്കാള്‍ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ല എന്ന ചിന്തയില്‍ സെഫാനിയ കഠിനമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ കഴിഞ്ഞ സ്‌കൂള്‍ കായികമേളയില്‍ പോള്‍ വോള്‍ട്ട് ജൂനിയര്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ സെഫാനിയ ഇത്തവണത്തെ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ അതേ ഇനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയിരിക്കുന്നു.
Also read – സീനിയര്‍ ഗേള്‍സ് 50 മീറ്റര്‍ ബാക്ക്സ്‌ട്രോക്കില്‍ മീറ്റ് റെക്കോര്‍ഡോടെ മിന്നും താരമായി ദേവിക
പപ്പയ്ക്കും കോച്ച് മധുവിനും വിജയം സമര്‍പ്പിക്കുന്നുവെന്ന് സെഫാനിയ പറഞ്ഞു. അമ്മ ധന്യയും അനുജനും എല്ലാ പിന്തുണയോടെ ഒപ്പമുണ്ടായിരുന്നു. മത്സരത്തിനു മുന്‍പ് ട്രയല്‍സിന്റെ സമയത്ത് പോള്‍ ഒടിഞ്ഞത് ആശങ്ക ഉണ്ടാക്കിയെങ്കിലും കൈയില്‍ ഉണ്ടായിരുന്ന മറ്റൊരു പോള്‍ ഉപയോഗിച്ചാണ് മത്സരത്തിനിറങ്ങിയത്. പുതിയ പോള്‍ വാങ്ങാന്‍ സ്‌പോണ്‍സര്‍മാരെ കിട്ടുമെന്ന പ്രതീക്ഷയിലാണ് മകളെന്ന് അമ്മ ധന്യ പറഞ്ഞു. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സെഫാനിയ എറണാകുളം ജില്ല ടീം അംഗമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

