
ഞായറാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ. രണ്ട് ടീമുകൾക്കും പരമ്പര നിർണായകമാണെങ്കിലും, ലക്ഷ്യങ്ങൾ വ്യത്യസ്തമാണ്.
ഭാവിയിലെ വലിയ ടൂർണമെന്റുകൾ മുൻനിർത്തി സ്വന്തം ഏകദിന കോമ്പിനേഷനുകൾ മെരുക്കുകയാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. അതേസമയം, ടി20 ലോകകപ്പിന് മുന്നോടിയായി ഉപഭൂഖണ്ഡ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാണ് ന്യൂസിലൻഡ് ഈ പരമ്പരയെ ഉപയോഗിക്കുക.
പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച വഡോദരയിലെ കോട്ടംബി സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം ഏകദിനം ബുധനാഴ്ച രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിലെ അവസാന മത്സരം ജനുവരി 18നു ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യ–ന്യൂസിലൻഡ് ഏകദിന മത്സരങ്ങളിലെ റെക്കോർഡുകൾ നോക്കിയാൽ ഇന്ത്യയുടെ ആധിപത്യം വ്യക്തമാകും. ഇരു ടീമുകളും 120 ഏകദിനങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 62 തവണ ഇന്ത്യയും 50 തവണ ന്യൂസിലൻഡും ജയിച്ചു. 65 ടെസ്റ്റ് മത്സരങ്ങളിൽ 22ഇൽ ഇന്ത്യയും 16ഇൽ ന്യൂസിലൻഡും ജയിച്ചു. ടി20 മത്സരങ്ങളിൽ 14ഇൽ ഇന്ത്യയും 10ഇൽ ന്യൂസിലൻഡും ജയിച്ചു.
Also Read: ‘മിനി കൊഹ്ലി’യെ കണ്ട് ഞെട്ടി വിരാട്; സാമൂഹിക മാധ്യമങ്ങളിൽ വൈറലായി ചിത്രം
എന്നാൽ നിലവിലെ പ്രകടനങ്ങളിൽ മുൻതൂക്കം വിരുന്നുകാർക്കാണ് അവസാന അഞ്ചു ഏകദിന മത്സരങ്ങളിലും വിജയിച്ചിട്ടാണ് അവരുടെ വരവ്. അതേസമയം മൂന്നു ജയവും രണ്ടു തോൽവിയുമാണ് ഇന്ത്യയുടെ സമ്പാദ്യം. എന്നാൽ, കണക്കുകൾക്കപ്പുറം, പുതിയ വർഷത്തെ ഈ പരമ്പര ഇരുടീമുകൾക്കും ആത്മവിശ്വാസം നൽകുന്ന കടുത്ത പോരാട്ടമായിരിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ കാഴ്ചവെച്ച മികച്ച ഫോം തുടരുകയും, ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ടീമിന് വിജയമുറപ്പിക്കുന്ന ഇന്നിംഗ്സുകൾ കളിക്കുകയുമാണ് രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും ലക്ഷ്യം. പുതിയ പന്തുമായി കെയിൽ ജെയിംസന്റെ ബൗളിംഗ് ഇരുവർക്കും വലിയ വെല്ലുവിളിയായേക്കും. കൂടാതെ, ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിന് ശേഷം ആദ്യമായി ഏകദിന പരമ്പരയിൽ ഇറങ്ങുന്ന ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും, പരിക്കിനെ തുടർന്ന് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ശ്രേയസ് അയ്യറിനും പരമ്പര നിർണ്ണായകമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

