ലിവർപൂളിന്റെ ‘മലയാളി അഡ്മിൻ’ വിളയാട്ടം; സലയെ പിടിക്കാൻ വെള്ളിയാഴ്ച വരാൻ പറഞ്ഞ് സലിം കുമാർ! വീഡിയോ വൈറൽ

Liverpool FC VIRAL VIDEO

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒക്കെ എന്ത്, നമ്മുടെ ലിവർപൂൾ എഫ്‌സി (Liverpool FC) ഇപ്പോൾ പൂർണ്ണമായും ഒരു മലയാളം ക്ലബ്ബായി മാറിയിരിക്കുകയാണ്! ‘You Never Walk Alone’ എന്നൊക്കെ പറഞ്ഞ് ലിവർപൂളിനെ നെഞ്ചേറ്റിയ മലയാളി ആരാധകർ പോലും അമ്പരന്നുപോയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സംഭവം വളരെ സിമ്പിൾ ആണ്. ലിവർപൂളിന്റെ വിശ്വസ്തനായ മുഹമ്മദ് സല ഗോൾകീപ്പറേയും ഡിഫൻഡർമാരെയും വെട്ടിച്ച് പന്ത് വലയിലാക്കുന്ന ഒരു വീഡിയോ ക്ലബ്ബ് പങ്കുവെച്ചു. എന്നാൽ ഇതിലെ ഹൈലൈറ്റ് സലയുടെ ഫിനിഷിംഗോ ഇടത്തേക്ക് തിരിഞ്ഞുള്ള ആ മനോഹരമായ നീക്കമോ ഒന്നുമല്ല. പകരം, വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കുന്ന ആ ഐതിഹാസിക ഡയലോഗാണ്!
മലയാളികളെ കുടുകുടെ ചിരിപ്പിച്ച സിഐഡി മൂസയിലെ ജഗതി ശ്രീകുമാറും സലിം കുമാറും ലിവർപൂൾ ഡ്രസ്സിംഗ് റൂമിൽ എത്തിയോ എന്ന് സംശയിക്കാൻ വേറെ കാരണമൊന്നും വേണ്ടല്ലോ. ജഗതിയുടെ “പിടിക്കവനെ..” എന്ന അലർച്ചയ്ക്ക്, സലിം കുമാറിന്റെ “എന്നേ? ഇന്നാ? വെള്ളിയാഴ്ചയാവട്ടെ!” എന്ന മറുപടിയാണ് ലിവർപൂൾ അഡ്മിൻ സലയുടെ ഗോളിന് അകമ്പടിയായി നൽകിയിരിക്കുന്നത്.

ALSO READ: ഇന്ത്യൻ ബാറ്റിങ്ങിന് മുന്നിൽ ഉത്തരം മുട്ടി ന്യൂസിലാൻഡ്; അടുത്ത സ്റ്റോപ്പ് ഗുവാഹാട്ടി

ലിവർപൂളിന്റെ ഒഫീഷ്യൽ പേജിൽ വന്ന വീഡിയോ കണ്ട് അന്തംവിട്ട ആരാധകർ പലരും ചോദിക്കുന്നത് ഇതെന്താ “മലയാള മാസമോ?” എന്നാണ്. “എല്ലാം മലയാളി അഡ്മിന്റെ വിളയാട്ടം” എന്ന് ഉറപ്പിച്ചു പറയുന്നവരും കുറവല്ല. അതിനിടയിൽ, വീഡിയോ കൃത്യം ഒരു വെള്ളിയാഴ്ച തന്നെ പോസ്റ്റ് ചെയ്ത അഡ്മിന്റെ ആ ബുദ്ധി സമ്മതിച്ചു കൊടുക്കണം എന്ന് പറയുന്നവരുമുണ്ട്.

പറ്റുമെങ്കിൽ സലയെ പിടിക്കൂ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയുടെ കമന്റ് ബോക്സ് ഇപ്പോൾ ലിവർപൂൾ ഫാൻസിനേക്കാൾ കൂടുതൽ മലയാളികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്തായാലും ലിവർപൂൾ ടീമിന് ഇനി സലാമിന് പകരം സലിം കുമാർ മതിയോ എന്ന കാര്യത്തിൽ മാത്രമേ ഇനി തീരുമാനമാവാൻ ബാക്കിയുള്ളൂ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News