
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിമിനെ ക്ലബ് ഔദ്യോഗികമായി പുറത്താക്കി. വോൾവ്‌സിനോടും ലീഡ്‌സിനോടും വഴങ്ങിയ നിരാശാജനകമായ സമനിലകൾക്കും മാനേജ്‌മെന്റുമായുള്ള പരസ്യമായ പോരിനുമൊടുവിലാണ് പോർച്ചുഗീസ് പരിശീലകന്റെ പടിയിറക്കം. ലീഡ്‌സ് യുണൈറ്റഡിനെതിരായ മത്സരത്തിന് പിന്നാലെ ക്ലബ് മാനേജ്‌മെന്റിനെതിരെ അമോറിം നടത്തിയ കടുത്ത വിമർശനങ്ങളാണ് പുറത്താക്കാനുള്ള പെട്ടെന്നുള്ള തീരുമാനത്തിലേക്ക് നയിച്ചത്.
വെറും 14 മാസത്തെ സേവനത്തിന് ശേഷം അമോറിം പുറത്തുപോകുമ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത് ക്ലബ് അധികൃതരുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടമാണ്. തന്റെ 3-4-3 ഫോർമേഷനിൽ മാറ്റം വരുത്താൻ അമോറിം തയ്യാറാകാത്തതും, ഡയറക്ടർ ജേസൺ വിൽകോക്സിന്റെ നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞതും സ്ഥിതി വഷളാക്കി. “ഞാൻ വെറുമൊരു കോച്ചല്ല, മാനേജറാണ്” എന്ന അമോറിമിന്റെ അവസാന പ്രസ്താവന മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചു എന്നാണ് സൂചന.
ALSO READ : ‘പാകിസ്ഥാനല്ല ബംഗ്ലാദേശ്’; ബിസിസിഐയ്ക്കെതിരെ ശശി തരൂർ
2014-ൽ ഡേവിഡ് മോയസ് പുറത്തായതിന് ശേഷം യുണൈറ്റഡിൽ ഏറ്റവും കുറഞ്ഞ കാലം അധികാരത്തിലിരുന്ന സ്ഥിര പരിശീലകനായി പുറത്താക്കളിലൂടെ അമോറിം മാറി. 63 മത്സരങ്ങളിൽ നിന്ന് വെറും 25 വിജയങ്ങൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 200 മില്യൺ പൗണ്ടിലധികം ചിലവാക്കിയിട്ടും ടീം ലീഗിൽ ആറാം സ്ഥാനത്ത് തുടരുന്നത് ഐനിയോസ് (INEOS) നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു
അമോറിമിന് പകരമായി മുൻ യുണൈറ്റഡ് താരം ഡാരൻ ഫ്ലെച്ചറെ ഇടക്കാല പരിശീലകനായി നിയമിച്ചു. സ്ഥിരമായ ഒരു പരിശീലകനെ കണ്ടെത്തുന്നത് വരെ ഫ്ലെച്ചർക്കായിരിക്കും ടീമിന്റെ ചുമതല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

