
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി പ്രീമിയർ ലീഗിൽ ലിവർപൂളിനായി ബൂട്ടണിയും എന്ന അഭ്യൂഹം ഫുട്ബോൾ ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഒരു സ്പാനിഷ് മാധ്യമത്തിൽ വന്ന, 38-കാരനായ ഫുട്ബോൾ ഇതിഹാസത്തെ പ്രീമിയർ ലീഗിലേക്ക് കൊണ്ടുവരാൻ ലിവർപൂൾ ആലോചിക്കുന്നുവെന്ന വാർത്തയെപ്പറ്റി ഇംഗ്ലീഷ് ക്ലബ്ബുമായി അടുപ്പമുള്ള മാധ്യമങ്ങളും സ്രോതസ്സുകളും മൗനം തുടരുമ്പോഴും, മെസ്സി ലിവർപൂളിന്റെ മുന്നേറ്റ നിരയ്ക്ക് ത്രൂ-ബോളുകൾ നൽകുന്നതു ആരാധകർ സ്വപ്നം കണ്ടു തുടങ്ങി കഴിഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മയാമിയിൽ നിന്ന് ഹ്രസ്വകാല ലോൺ ആയി ആയിരിക്കും മെസ്സി ഇംഗ്ലണ്ടിൽ എത്തുക. ഇന്റർ മയാമിയുടെ സഹഉടമയായ ഡേവിഡ് ബെക്കാം തന്നെ, എംഎൽഎസ് ഓഫ്-സീസണിൽ എസി മിലാനിലേക്ക് ലോൺ പോയിട്ടുണ്ട്. തിയറി ഹെൻറി, ലാൻഡൻ ഡൊനോവൻ തുടങ്ങിയ താരങ്ങളും യൂറോപ്പിൽ ഇത്തരം “ഗസ്റ്റ് അപിയറൻസുകൾ” നടത്തിയിട്ടുണ്ട്. 2026 ലോകകപ്പിന് മുന്നോടിയായി മെസിക്ക് മത്സര താളം നിലനിർത്താൻ ഇതൊരു മാർഗമാകാം എന്നാണ് അഭ്യൂഹം.
Also Read: ലയണൽ മെസ്സിക്ക് എംഎൽഎസ് ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്കാരം
പക്ഷെ ഈ നീക്കത്തിന്റെ പ്രായോഗിക സാധ്യത വളരെ കുറവാണെന്നതാണ് സത്യം.ഫുട്ബോൾ വിദഗ്ധൻ ഡേവിഡ് ഒ’കൊണൽ ഇതിനകം തന്നെ “ഈ അഭ്യൂഹങ്ങൾക്ക് യാതൊരു സത്യവുമില്ല” എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലിവർപൂളിന്റെ റിക്രൂട്ട്മെന്റ് തന്ത്രം സാധാരണയായി ഹ്രസ്വകാല വെറ്ററൻ താരങ്ങളെ ലക്ഷ്യമിടുന്നതല്ല. മാത്രമല്ല എംഎൽഎസ് സീസൺ ഓപ്പണറിന് തയ്യാറെടുക്കാൻ മെസ്സി യൂറോപ്പിലേക്ക് ഒരു അവസാന യാത്ര നടത്തുകയാണെങ്കിൽ, വികാരപരമായ മുൻതൂക്കം എപ്പോഴും എഫ്‌സി ബാഴ്‌സലോണയ്ക്കായിരിക്കും. അതിനാൽ തന്നെ വാർത്ത ഒരു സ്വപ്നമായി അവശേഷിക്കാനാണ് സാധ്യത

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

