
പ്രോ കബഡി ലീഗ് (പികെഎൽ) സീസൺ 12-ൻ്റെ മത്സരക്രമത്തിൽ മാറ്റം വരുത്തി സംഘാടകർ. ചെന്നൈയിലും ഡൽഹിയിലും നടക്കേണ്ട മത്സരങ്ങൾക്കാണ് ഈ മാറ്റം ബാധകമാവുക. ചെന്നൈയിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെയാണ് ഇനി മത്സരങ്ങൾ നടക്കുക. അതിനുശേഷം ഒക്ടോബർ 11 മുതൽ ഡൽഹിയിൽ മത്സരങ്ങൾ ആരംഭിക്കും. മാധ്യമത്തിന് നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ALSO READ: 2025ൽ ഐഫോൺ 17 എയർ, 2026ൽ ഫോൾഡബിൾ: പുത്തൻ ആശയങ്ങള്‍ അവതരിപ്പിക്കാൻ പദ്ധതിയിട്ട് ആപ്പിള്‍, അറിയാം…
ഒക്ടോബർ 11, 12 തീയതികളിൽ ചെന്നൈയിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ ഡൽഹിയിലേക്ക് മാറ്റി. ഒക്ടോബർ 11ന് ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ മത്സരങ്ങൾ ബെംഗളൂരു ബുൾസ് vs ജയ്പൂർ പിങ്ക് പാന്തേഴ്സ്, തമിഴ് തലൈവാസ് vs പുനേരി പൾട്ടാൻ എന്നിവയാണ്. ഒക്ടോബർ 12ന് മാറ്റിയ മത്സരങ്ങൾ ദബാങ് ഡൽഹി കെ സി vs പുനേരി പൾട്ടാൻ, ബംഗാൾ വാരിയേഴ്സ് vs ബെംഗളൂരു ബുൾസ് എന്നിവയാണ്. ഈ മാറ്റങ്ങൾ ഒഴികെ, മറ്റ് മത്സരങ്ങളുടെ തീയതികൾക്കും സമയക്രമത്തിനും ടീമുകൾക്കും മാറ്റമില്ല. ടൂർണമെൻ്റിൻ്റെ മൊത്തത്തിലുള്ള സമയക്രമവും ഘടനയും അതേപടി തുടരും. ഒക്ടോബർ 11, 12 തീയതികളിലെ മത്സരങ്ങളുടെ വേദിയിൽ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്.
വിശാഖപട്ടണത്തെ വിശ്വനാഥ് സ്പോർട്സ് ക്ലബ്ബിൽ ഓഗസ്റ്റ് 29ന് നടക്കുന്ന തെലുഗു ടൈറ്റൻസ്-തമിഴ് തലൈവാസ്, തുടർന്ന് ബെംഗളൂരു ബുൾസ്-പുനേരി പൾട്ടാൻ പോരാട്ടങ്ങളോടെയാണ് പികെഎൽ 12-ൻ്റെ ലീഗ് ഘട്ടം ആരംഭിക്കുന്നത്. നേരത്തെ, ലീഗ് ഘട്ടത്തിലും പ്ലേഓഫ് ഘടനയിലും കാര്യമായ മാറ്റങ്ങൾ പ്രോ കബഡി ലീഗ് പ്രഖ്യാപിച്ചിരുന്നു.
വിശാഖപട്ടണം, ജയ്പൂർ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലായി നടക്കുന്ന ഈ സീസണിൽ ആകെ 108 മത്സരങ്ങളാണുള്ളത്. ഓരോ ടീമിനും 18 മത്സരങ്ങൾ വീതം കളിക്കാനുണ്ടാകും. പികെഎൽ 12ൽ എല്ലാ ലീഗ് ഘട്ട മത്സരങ്ങളിലും ഗോൾഡൻ റെയ്ഡ് ഫോർമാറ്റ് ഉൾപ്പെടെയുള്ള സമഗ്രമായ ടൈ ബ്രേക്കർ നിയമവും അവതരിപ്പിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

