തീയായി ഡി ക്ലർക്ക്: മുംബൈക്കെതിരെ ബെംഗളൂരുവിന് അവസാന പന്തിൽ വിജയം

klerk

വൈറ്റ്-ബോൾ ക്രിക്കറ്റിലെ മികച്ച ഫിനിഷറെന്ന തന്റെ മികവ് വീണ്ടും തെളിയിച്ച് നദിൻ ഡി ക്ലർക്ക്. ഈ വർഷത്തെ വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ , അവസാന പന്ത് വരെ നീണ്ട ത്രില്ലറിൽ, നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് അവിസ്മരണീയ വിജയം സമ്മാനിച്ചത് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറുടെ കരുത്തുറ്റ ബാറ്റിങ്ങായിരുന്നു.

ബാറ്റു കൊണ്ട് പുറത്താകാതെ നേടിയ 63 റൺസും, ബൗളിങ്ങിൽ നേടിയ നാല് വിക്കറ്റുകളും ചേർന്നാണ് ഡി ക്ലർക്ക് മത്സരം മുൻചാമ്പ്യന്മാർക്കു അനുകൂലമാക്കിയത്. ഒരു ഘട്ടത്തിൽ 65 റൺസിന് 5 വിക്കറ്റുകൾ എന്ന നിലയിൽ തളർന്നിരുന്ന ടീമിനെ, അവസാന നാല് പന്തുകളിൽ ആവശ്യമായത് 18 ആയിരുന്നപ്പോൾ രണ്ടു സിക്സും രണ്ടു ഫോറും അടിച്ച് അവർ വിജയത്തിലേക്ക് നയിച്ചു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന്റെ തുടക്കം മികച്ചതായിരുന്നില്ല. ആർസിബി യുടെ കൃത്യമായ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ മുംബൈയുടെ ടോപ്പ് ഓർഡർ താളം കണ്ടെത്താൻ പാടുപെട്ടു. അരങ്ങേറ്റ മത്സരം കളിച്ച ലോറൻ ബെൽ ആദ്യ രണ്ട് ഓവറിൽ 11 ഡോട്ട് പന്തുകൾ എറിഞ്ഞപ്പോൾ, അമീലിയ കർ റൺ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. നാറ്റ്-സ്കിവർ ബ്രണ്ടും കറും വേഗം പുറത്തായതോടെ മുംബൈ സമ്മർദത്തിലായി.

Also Read: വനിതാ പ്രീമിയർ ലീഗ്: ഉത്ഘാടന മത്സരത്തിൽ ബംഗളൂരുവും മുംബൈയും നേർക്കുനേർ

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 17 പന്തിൽ 20 റൺസെടുത്ത് ലീഗിലെ മുൻനിര ഇന്ത്യൻ റൺ സ്കോററെന്ന നേട്ടം ഷഫാലി വർമ്മയെ മറികടന്ന് സ്വന്തമാക്കി. പുതിയ ഓപ്പണർ ജി. കമാലിനിയാണ് 32 റൺസ് നേടി തുടക്കത്തിൽ ടീമിന് താങ്ങായത്.

നാല് വിക്കറ്റിന് 80 റൺ എന്ന നിലയിൽ നിന്നും മുംബൈയെ കരകയറ്റിയത് എസ്. സജനയും നിക്കോള കേരിയും ചേർന്ന് ആണ്. അഞ്ചാം വിക്കറ്റിന് 49 പന്തിൽ 82 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. സജന 25 പന്തിൽ 45 റൺസ് നേടി അതിവേഗം ആക്രമിച്ചപ്പോൾ, കേരി ബുദ്ധിപൂർവ്വം സ്ട്രൈക്ക് തിരിച്ച് സമ്മർദം നിലനിർത്തി. അവസാന ആറോവറിൽ 69 റൺസ് കൂട്ടിച്ചേർത്ത് മുംബൈ സ്കോർ ആറു വിക്കറ്റ് നഷ്ടത്തിൽ 154 ആയി.

ആർസിബിയ്ക്ക് വേണ്ടി ഡി ക്ലർക്ക് വീണ്ടും ബൗളിംഗിൽ തിളങ്ങി; അവസാന ഓവറിൽ സജനയെയും കേരിയെയും പുറത്താക്കി നാല് ഓവറിൽ 26 റൺസ് വിട്ടുകൊടുത്തു നാല് വിക്കറ്റുകൾ സ്വന്തമാക്കി.

ചേസിൽ ആർസിബിയുടെ പവർപ്ലേ ബാറ്റിംഗ് കരുത്തുറ്റതായിരുന്നു. സ്മൃതി മന്ദാനയും പുതിയ ഓപ്പണർ ഗ്രേസ് ഹാരിസും ചേർന്ന് മികച്ച തുടക്കം നൽകി. ആദ്യ ആറോവറിൽ ആർസിബി 57/2 എന്ന നിലയിലെത്തിയെങ്കിലും, പിന്നാലെ വിക്കറ്റുകൾ തുടർച്ചയായി വീണതോടെ കളി തിരിഞ്ഞു.

അമൻജോത് കൗർ ഹെമലതയെ എൽബിഡബ്ലിയു ആക്കി പുറത്താക്കിയപ്പോൾ, അമീലിയ കർ ഒരു ഓവറിൽ റാധ യാദവിനെയും റിച്ച ഘോഷിനെയും പുറത്താക്കി ആർസിബിയെ തകർച്ചയിലേക്ക് തള്ളി. 17 ഓവറുകൾക്കുശേഷം ആർസിബി 121/7 എന്ന നിലയിൽ എത്തിയപ്പോൾ മത്സരം മുംബൈയുടെ പിടിയിലാണെന്ന് തോന്നി.

എന്നാൽ അവസാന ഓവറുകളിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി. ഡി ക്ലർക്കിന്റെ രണ്ട് ക്യാച്ചുകളും ഒരു റൺ ഔട്ട് അവസരവും മുംബൈ നഷ്ടപ്പെടുത്തി. അവസാന ഓവറിൽ ആവശ്യമായത് 18 റൺസ്. ആദ്യ രണ്ട് പന്തുകൾ ഡോട്ട്. പക്ഷേ തുടർന്ന് നാറ്റ്-സ്കിവർ ബ്രണ്ടിനെതിരെ ഡി ക്ലർക്ക് തീർത്തത് ഒരു ക്രിക്കറ്റ് മാസ്റ്റർക്ലാസ്. അതോടെ അവസാന പന്തിൽ തന്നെ ആർസിബി വിജയം ഉറപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News