
2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഏറ്റുവാങ്ങിയ കനത്ത തോൽവി തന്റെ കരിയറിനെയും മനസിനെയും ബാധിച്ചിരുന്നുവെന്നു മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ആ തോൽവിക്ക് പിന്നാലെ ക്രിക്കറ്റിൽ തുടരണമോയെന്നതിനെക്കുറിച്ച് പോലും ആലോചിച്ചിരുന്നുവെന്ന് രോഹിത് വ്യക്തമാക്കി. മാസ്റ്റേഴ്സ് യൂണിയനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ലോകകപ്പ് ഫൈനലിന് ശേഷമുള്ള മാനസികാവസ്ഥയെക്കുറിച്ച് രോഹിത് വെളിപ്പെടുത്തിയത്. “2023 ലോകകപ്പ് ഫൈനലിന് ശേഷം ഞാൻ പൂർണമായി തകർന്നു. ഈ കളി എനിക്ക് എല്ലാം എടുത്തുകളഞ്ഞതുപോലെ തോന്നി. ഇനി കളിക്കണമെന്നാഗ്രഹം പോലും ഇല്ലാതെയായി,” എന്നാണ് രോഹിത് പറഞ്ഞത്. കളിയിലേക്കു തിരിച്ചുവരാൻ സമയം എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ടൂർണമെന്റിൽ തുടർച്ചയായ ഒമ്പത് ജയങ്ങളുമായി ഫൈനലിലെത്തിയ ഇന്ത്യയ്ക്ക് ആ തോൽവി ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് രോഹിത് കൂട്ടിച്ചേർത്തു. 2022ൽ നായകസ്ഥാനം ഏറ്റെടുത്തതുമുതൽ ലോകകപ്പിനായി നടത്തിയ പരിശ്രമങ്ങൾ എല്ലാം ഒരുമിച്ച് തകർന്നതുപോലെ തോന്നിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഹമ്മദാബാദ് നിരാശയ്ക്ക് ഒരു വർഷത്തിനുള്ളിൽ തന്നെ രോഹിത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടി. 2023ലെ പരാജയം ജീവിതത്തിലെ വലിയ പാഠമായിരുന്നുവെന്ന് രോഹിത് സമ്മതിക്കുന്നു. “നിരാശയെ എങ്ങനെ നേരിടണം, വീണ്ടും തുടങ്ങണം എന്നത് ഈ അനുഭവം എന്നെ പഠിപ്പിച്ചു,” അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഏകദിന ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രോഹിത്. 2027 ലോകകപ്പിൽ ഒരിക്കൽ കൂടി കിരീടം ഉയർത്തുക എന്നതാണ് തന്റെ ശേഷിക്കുന്ന വലിയ ലക്ഷ്യമെന്നും ഇന്ത്യൻ ക്രിക്കറ്റിലെ താരം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

