
ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ഭാര്യയും മാനേജരുമായ റിതിക സാജ്ദെ മുംബൈയിലെ പ്രഭാദേവിയിൽ 26.30 കോടി രൂപ വിലയുള്ള ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയതായി റിപ്പോർട്ട്. പ്രഭാദേവിയിലെ അഹുജ ടവേഴ്സിലാണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. 2,700 ചതുരശ്ര അടിയിലേറെ കാർപറ്റ് ഏരിയയുള്ള ഈ അപ്പാർട്ട്‌മെന്റിനൊപ്പം മൂന്ന് കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യവും ഉൾപ്പെടുന്നു.
ഈ ഇടപാടിന് 1.31 കോടി രൂപ സ്റ്റാംപ് ഡ്യൂട്ടിയും 30,000 രൂപ രജിസ്ട്രേഷൻ ഫീസും അടച്ചിട്ടുണ്ട്. 2025 ഡിസംബർ 12നാണ് രജിസ്ട്രേഷൻ പൂർത്തിയായത്. അജിൻക്യ ഡിവൈ പാട്ടിൽ, പൂജ അജിൻക്യ പാട്ടിൽ എന്നിവരിൽ നിന്നാണ് ഫ്ലാറ്റ് വാങ്ങിയത്. ഇടപാടിനെക്കുറിച്ച് റിതിക സാജ്ദെയെയും വിൽപ്പനക്കാരും പ്രതികരിച്ചിട്ടില്ല.
ലോവർ പരേൽ, വർളി, ബാന്ദ്ര കുർള കോംപ്ലക്സ് തുടങ്ങിയ പ്രധാന ബിസിനസ് കേന്ദ്രങ്ങൾക്ക് സമീപമുള്ള പ്രഭാദേവി, ഉയർന്ന വരുമാനമുള്ള വ്യക്തികൾക്കും കോർപ്പറേറ്റ് നേതാക്കൾക്കും പ്രിയപ്പെട്ട പ്രദേശമാണ്. മികച്ച റോഡ്-റെയിൽ ബന്ധവും ബാന്ദ്ര–വർളി സീ ലിങ്കിലേക്കുള്ള എളുപ്പമായ പ്രവേശനവും ഈ മേഖലയെ ആകർഷകമാക്കുന്നു. അതേസമയം, 2025 ജനുവരിയിൽ രോഹിത് ശർമ ലോവർ പരേലിലെ തന്റെ ഫ്ലാറ്റ് പ്രതിമാസം ₹2.6 ലക്ഷം വാടകയ്ക്ക് നൽകിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

