
സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് DVHSS സ്കൂളിലെ അതുൽ ടി എമ്മിനെയും സ്കൂൾ കായികമേള തിരുവനന്തപുരം ബ്രാൻഡ് അംബാസഡറായ സഞ്ജു സാംസൺ ഏറ്റെടുക്കും. വിദ്യാഭ്യാസ മന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സഞ്ജു സാംസണിന്റെ സന്ദേശം പങ്കുവച്ചത്.
ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് നേടിയ നേട്ടമാണ് എന്റെ ശ്രദ്ധയിൽപ്പെതെന്നും ശക്തമായ പിൻബലം ഈ കുട്ടികളെ നാളെ ദേശീയ തലത്തിലേക്കും ഒളിമ്പിക് തലത്തിലേക്കും വരെ ഉയർത്തിയേക്കാമെന്നും അത് കൊണ്ട് തന്നെ ഫൗണ്ടേഷന്റെ കീഴിൽ സംസ്ഥാന ദേശീയ തലത്തിൽ ആവശ്യമായ യാത്രാതാമസ സൗകര്യങ്ങളും വേണ്ട നിർദേശങ്ങളും നൽകിക്കൊണ്ട് കുട്ടികൾക്ക് ഒരു പ്രോഫഷണൽ അത്‌ലറ്റിക് കോച്ചിന്റെ സൗകര്യം ലഭ്യമാക്കുകയും ചെയ്യുമെന്നും സഞ്ജു സന്ദേശത്തിൽ പറഞ്ഞു.
ഇനിയുള്ള നേട്ടങ്ങളിലേക്ക് ഓടിയടുക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകി ഈ കുട്ടികളെ കേരളത്തിന്റെ അഭിമാനമാക്കി മാറ്റാൻ സഞ്ജു സാംസൺ ഫൗണ്ടേഷനും ഞാനും ഒപ്പമുണ്ടാകുമെന്നും സഞ്ജു അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

