
ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധനേടിയ മലയാളിതാരമാണ് സഞ്ജു സാംസൺ. ഐപിഎല്ലിലെ സഞ്ജുവിന്‍റെ വെടിക്കെട്ട് ബാറ്റിങ് ഏതൊരു ലോകോത്തര ബോളറുടെയും ഉറക്കംകെടുത്തുന്നതാണ്. ആക്രമണാത്മക ബാറ്റിങ് ശൈലിയാണ് സഞ്ജു സാംസൺ എന്ന വിക്കറ്റ് കീപ്പർ ബാറ്ററുടെ സവിശേഷത. ഇപ്പോഴിതാ, താൻ ആരാധിക്കുന്ന ക്രിക്കറ്റർ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനുമായുള്ള ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ രോഹിത് ശർമ്മയെയാണ് താൻ ആരാധിക്കുന്നതെന്ന് സഞ്ജു വ്യക്തമാക്കുന്നു.
“നിങ്ങളുടെ എക്കാലത്തെയും ആരാധനാപാത്രമായ ക്രിക്കറ്റ് താരം ആരാണ്, ഒരു ആരാധകൻ എന്ന നിലയിൽ കാണാൻ ഇഷ്ടമുള്ള ആധുനിക ക്രിക്കറ്റ് താരം ആരാണ്?”- എന്ന അശ്വിന്‍റെ ചോദ്യത്തിന് സഞ്ജുവിന്‍റെ മറുപടി ഇങ്ങനെയാണ്, “അതൊരു വലിയ ചോദ്യമാണ്. ഉം… അത് രോഹിത് ശർമ്മയാണ്.”- ദീർഘനിശ്വാസത്തോടെയാണ് സഞ്ജുവിന്‍റെ മറുപടി. ബാറ്റിങ് കാണാൻ ഇഷ്ടമുള്ള ആധുനിക ക്രിക്കറ്റ് താരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, സഞ്ജു ‘ചിന്ന പയ്യൻ’ വൈഭവ് സൂര്യവംശിയുടെ പേരാണ് പറഞ്ഞത്.
14 വയസ്സുള്ള ഓപ്പണിംഗ് ബാറ്ററായ വൈഭവ് ഈ വർഷം ആദ്യം സഞ്ജുവിന് പരിക്കേറ്റപ്പോൾ പകരക്കാരനായി രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ അരങ്ങേറിയിരുന്നു. അസാമാന്യമായ സ്ട്രോക്ക് പ്ലേയിലൂടെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ തകർപ്പൻ സെഞ്ച്വറിയിലൂടെയും അദ്ദേഹം പെട്ടെന്ന് ആരാധകരുടെ ഇഷ്ടതാരമായി മാറി. ഐപിഎൽ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി. 2025-ലെ ഐപിഎല്ലിൽ 7 മത്സരങ്ങളിൽ നിന്ന് 36 ശരാശരിയിൽ 252 റൺസാണ് അദ്ദേഹം നേടിയത്.
Also Read- വീണ്ടും ട്വിസ്റ്റ്; സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്
അതേസമയം, 14 വയസ്സുകാരൻ വൈഭവ് ഒരു സിക്സ് അടിക്കുന്നത് കണ്ടപ്പോൾ അത് ഭാഗ്യംകൊണ്ടാണെന്നാണ് ആദ്യം കരുതിയതെന്ന് സഞ്ജു പറഞ്ഞു. എന്നാൽ പിന്നീടാണ് അത് ഭാഗ്യമല്ലെന്ന് മനസ്സിലായതെന്നും സഞ്ജു പറഞ്ഞു. “ആദ്യമായി രാജസ്ഥാനൊപ്പം പരിശീലനത്തിനിടെ, അവൻ ഒരു സിക്സ് അടിക്കുന്നത് ഞാൻ കണ്ടു. ആ സിക്സർ ഭാഗ്യംകൊണ്ടാണന്ന് ഞാൻ കരുതി, പക്ഷേ അത് തുടർന്നു. ഷോട്ടുകളുടെ നിലവാരവും എന്നെ ശരിക്കും ഞെട്ടിച്ചു,” രവിചന്ദ്രൻ അശ്വിന്റെ യൂട്യൂബ് ഷോയായ ‘കുട്ടി സ്റ്റോറീസ് വിത്ത് ആഷ്’ എന്ന പരിപാടിയിൽ സഞ്ജു സാംസൺ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

