
സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യമായി എത്തിയ ബോച്ചെ മത്സരത്തിൽ താരമായത് കാസർഗോഡ് സ്വദേശിനി ദിയ കൂടിയാണ്. സ്വപ്നസാഫല്യത്തിന്‍റെ വെളുത്ത പല്ലീനയിലേക്ക് വീൽചെയറിൽ ഇരുന്നാണ് ദിയ പന്തെറിഞ്ഞത്. പരിമിതികളിൽ തളരാത്ത ദിയമാരുടേത് കൂടിയാണ് 67 മത് സംസ്ഥാന സ്കൂൾ കായികമേള. കായികമേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബോച്ചേ മത്സരയിനത്തില്‍ പങ്കെടുക്കാനെത്തിയതാണ് കാസര്‍കോട് സ്വദേശിനി ദിയാ പി നമ്പ്യാര്‍.
സെറിബ്രൽ പാൾസി ബാധിതയായ ദിയയ്ക്ക് സ്പോര്‍ട്സിനോട് വലിയ ഇഷ്ടമാണ്. എന്നാൽ ആദ്യമായാണ് ഒരു സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുക്കുന്നതെങ്കിലും അതിന്റെ അമ്പരപ്പായിരുന്നില്ല അവളുടെ മുഖത്ത്. ആഗ്രഹപൂർത്തീകരണത്തിന്റെ ആനന്ദമായിരുന്നു.
ALSO READ; അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ബോച്ചേ മത്സരം പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ളതാണ്. പരിമിതികള്‍ക്കു നടുവിലും വീല്‍ ചെയറില്‍ ഇരുന്ന് അവൾ സ്വപ്നങ്ങളിലേക്ക് പന്തെറിഞ്ഞു. സ്വപ്ന സാഫല്യമെന്നോണം സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം ദിയ പങ്കുവെച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ദിയയുടെ അച്ഛന്‍ പ്രകാശും അമ്മ റോഷ്നിയും സഹോദരന്‍ സായ്‌കൃഷ്ണയും അടങ്ങുന്ന കുടുംബം ദിയയുടെ സ്വപ്നങ്ങള്‍ക്കൊപ്പമുണ്ട്. മാതാപിതാക്കൾക്ക് പുറമേ കൂടെ നിൽക്കുന്ന ഓരോരുത്തരുടെയും പിന്തുണയാണ് ഇത്തരം കുട്ടികൾക്ക് ആവശ്യമെന്ന് അമ്മ റോഷ്നി.
കാസര്‍കോട് ജിഎച്ച്എസ്എസ് ബല്ലാ ഈസ്റ്റ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദിയ. പഠിക്കാൻ മിടുക്കിയായ ദിയ സിവില്‍ സര്‍വീസ് പരിശീലനത്തിനും പോകുന്നുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിവില്‍ സര്‍വീസ് ടാലന്റഡ് കോഴ്സ് പൂര്‍ത്തീകരിച്ചു. നിലവില്‍ ഫൗണ്ടേഷന്‍ കോഴ്സ് പരിശീലനത്തിലാണ്. കോളജ് അധ്യാപിക ആകണമെന്നാണ് ദിയയുടെ ആഗ്രഹം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

