
ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയ സെലക്ടർമാരുടെ തീരുമാനത്തോട് പ്രതികരിച്ച് ശുഭ്മൻ ഗിൽ. സെലക്ടർമാരുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും, ടി20 ടീമിന് എല്ലാ ആശംസകളും നേരുന്നതായും ഇന്ത്യൻ നായകൻ പറഞ്ഞു. പക്ഷെ, അരങ്ങേറ്റം കുറിച്ച ശേഷം മൂന്ന് ടി20 ലോകകപ്പുകൾ നടന്നിട്ടും അവസരം ലഭിക്കാത്തത് നിരാശാജനകമാണെന്ന് ഗിൽ വ്യക്തമാക്കി.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും ഞെട്ടൽ ഉണ്ടാക്കിയത് ടെസ്റ്റ് നായകനും ടി20 ഉപനായകനുമായ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യമാണ്. ടീമിലെ ഉറച്ച സാന്നിധ്യം എന്ന് കരുതിയ ഗില്ലിന്റെ പുറത്താക്കൽ അദ്ദേഹത്തിന്റെ വിമർശകർ പോലും പ്രതീക്ഷിച്ചിരുന്നില്ല. അവസാന ടി20 മത്സരത്തിൽ ഓപ്പണർ ആയി സഞ്ജു തിരിച്ചെത്തിയതും സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ഇഷാൻ കിഷൻ കാഴ്ചവച്ച പ്രകടനവും ഗില്ലിനു ടീമിൽ ഇടം നഷ്ടപ്പെടാൻ കാരണം ആയെങ്കിലും സ്ഥിരമായി പരുക്കേൽക്കുന്നു എന്ന പ്രശ്‌നത്തിന് പുറമെ ടി20യിലെ ഫോം നഷ്ടവും ഗില്ലിന്റെ തിരഞ്ഞെടുപ്പിനെ ബാധിച്ചു.
ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ, കൂടുതൽ തയ്യാറെടുപ്പ് സമയം ആവശ്യമാണെന്നും വിദേശ പര്യടനങ്ങൾക്ക് ശേഷം ഉടൻ തന്നെ മത്സരങ്ങൾ കളിക്കേണ്ടി വരുന്നത് പ്രകടനത്തെ ബാധിക്കുന്നുവെന്നും ഗിൽ അഭിപ്രായപ്പെട്ടു. വൈറ്റ്-ബോൾ ക്രിക്കറ്റിൽ നിന്ന് റെഡ്-ബോളിലേക്ക് മാറുമ്പോൾ മതിയായ ഒരുക്കം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

