
ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 2025-26 ലെ വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനായി കളത്തിലിറങ്ങും. തുടർന്ന് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ ടീമിൽ ചേരും. ഡിസംബർ 24 മുതൽ ജനുവരി 18 വരെയാണ് വിജയ് ഹസാരെ ട്രോഫി നടക്കുക. മൂന്ന് ഏകദിന മത്സരങ്ങളുള്ള ഇന്ത്യ – ന്യൂസിലൻഡ് പരമ്പര ജനുവരി 11 ന് വഡോദരയിലും ജനുവരി 14 ന് രാജ്കോട്ടിലും ജനുവരി 18 ന് ഇൻഡോറിലും നടക്കും.
ജയ്പൂരിൽ വെച്ച് ജനുവരി 3നും 6നും നടക്കുന്ന സിക്കിമിനും ഗോവയ്ക്കുമെതിരായ പഞ്ചാബിന്റെ മത്സരത്തിലാണ് ഗിൽ കളത്തിലിറങ്ങുക. എലൈറ്റ് ഗ്രൂപ്പ് സിയിലാണ് പഞ്ചാബ്. ഇന്ത്യ-ന്യൂസിലൻഡ് പരമ്പര അവസാനിച്ചതിന് ശേഷം, രഞ്ജി ട്രോഫിയുടെ ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിലും ഗിൽ ആഭ്യന്തര ടീമിനെ പ്രതിനിധീകരിക്കുമെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ (പിസിഎ) ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു.
ALSO READ: ആകെ എറിഞ്ഞത് ഒരു ഓവർ, വീഴ്ത്തിയത് ഹാട്രിക് അടക്കം അഞ്ച് വിക്കറ്റുകൾ; റെക്കോർഡിട്ട് ഗെഡെ പ്രിയന്ദന
അതേസമയം ഇന്ത്യയുടെ ടി-20ഐ ടീമിൽ നിന്ന് നേരത്തെ 26 കാരനായ ഈ വലംകൈയ്യൻ ബാറ്റ്സ്മാൻ പുറത്താക്കപ്പെട്ടിരുന്നു. പിന്നാലെ പ്രീമിയർ ആഭ്യന്തര റെഡ്-ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ ഗിൽ തീരുമാനിച്ചു. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20ഐ പരമ്പരയിൽ ഇന്ത്യയുടെ ടി20ഐ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഗിൽ. എന്നാൽ ബാറ്റിംഗിലും ടീം കോമ്പിനേഷനിലുമുള്ള മോശം പ്രകടനം തിരിച്ചടിയായി. പിന്നാലെയാണ് ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20ഐ പരമ്പരയിൽ നിന്നും 2026 ലെ ടി20 ലോകകപ്പിൽനിന്നും ഗില്ലിനെ ഒഴിവാക്കിയത്.
രഞ്ജി ട്രോഫിയുടെ രണ്ടാം പകുതിയിൽ, പഞ്ചാബ് ജനുവരി 22 മുതൽ സൗരാഷ്ട്രയെ നേരിടും. രാജ്കോട്ടിലാണ് മത്സരം. തുടർന്ന് ജനുവരി 29 മുതൽ മുള്ളൻപൂരിൽ പഞ്ചാബ് കർണാടകയെ നേരിടും. നിലവിൽ എലൈറ്റ് ഗ്രൂപ്പ് ബി പോയിന്റ് പട്ടികയിൽ പഞ്ചാബ് ആറാം സ്ഥാനത്താണ്. നോക്കൗട്ടിലേക്ക് യോഗ്യത നേടാനുള്ള അവരുടെ സാധ്യത ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു. എന്നാൽ അവസാന രണ്ട് മത്സരങ്ങളിൽ ബോണസ് പോയിന്റുകൾ നേടി തുടർച്ചയായ വിജയങ്ങൾ നേടുകയും മറ്റ് ടീമുകൾ പരാജയപ്പെടുകയും ചെയ്താൽ, പഞ്ചാബിന് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനും നോക്കൗട്ടിലേക്ക് യോഗ്യത നേടാനും ഒരു സാധ്യതയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

