
വുമൺസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നായിക സ്മൃതി മന്ദാന ക്യാമറാമാന്റെ പെരുമാറ്റത്തിൽ വ്യക്തമായ അസ്വസ്ഥത പ്രകടിപ്പിച്ചു. വെള്ളിയാഴ്ച, നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്പോർട്സ് അക്കാദമിയിലായിരുന്നു സംഭവം.
മുംബൈക്കെതിരായ മത്സരത്തിന് മുമ്പ്, ത്രോ ഡൗൺസ് നേരിടുകയായിരുന്നു മന്ദാന. ഷോട്ടുകൾ അടുത്തുനിന്ന് പകർത്താൻ ശ്രമിച്ച ക്യാമറാമാൻ പന്ത് ഇന്ത്യൻ വൈസ് ക്യാപ്റ്റനിലേക്കെത്തുന്ന സമയത്ത് മുന്നോട്ട് ചുവടുവച്ചു തടസ്സം സൃഷ്ടിച്ചു. പന്ത് തടഞ്ഞതിന് പിന്നാലെ നിരാശ പ്രകടിപ്പിച്ച മന്ദാന, ചുമൽ ചലിപ്പിച്ചും ചില വാക്കുകൾ പറഞ്ഞും തന്റെ അസന്തോഷം അറിയിച്ചു. ഉടൻ തന്നെ ക്യാമറാമാൻ സ്ഥലം വിട്ടു.ഒരു ആരാധകൻ മൊബൈൽ ഫോണിൽ പകർത്തിയ ഈ ദൃശ്യങ്ങൾ മിനിറ്റുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി.
Also Read: തീയായി ഡി ക്ലർക്ക്: മുംബൈക്കെതിരെ ബെംഗളൂരുവിന് അവസാന പന്തിൽ വിജയം
മത്സരത്തിൽ, എന്നാൽ, മന്ദാനയ്ക്ക് വലിയ സംഭാവന നൽകാൻ സാധിച്ചില്ല. അതേസമയം, നദിൻ ഡി ക്ലർക്കിന്റെ അതിശയകരമായ പ്രകടനത്തിന്റെ പിൻബലത്തിൽ ആർസിബി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ അവസാന പന്തിൽ മൂന്ന് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി . 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി , നാറ്റ്-സ്കിവർ ബ്രണ്ട് എറിഞ്ഞ അവസാന ഓവറിൽ 20 റൺസ് അടിച്ചാണ് ലക്ഷ്യം മറികടന്നത്.
മത്സരശേഷം ആവേശഭരിതയായ സ്മൃതി മന്ദാന, കഴിഞ്ഞ സീസണിൽ അടുത്ത മത്സരങ്ങളിൽ ഭാഗ്യം തങ്ങളോടൊപ്പമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. ഇത്തവണ തുടക്കത്തിൽ തന്നെ അത്തരമൊരു മത്സരത്തിൽ വിജയം നേടാനായത് സന്തോഷകരമാണെന്നും അവൾ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

