
ഏഷ്യന്‍ കപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ശ്രീലങ്കന്‍ വിജയ കാഹളം. ഇതോടെ ലങ്ക സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ആറ് വിക്കറ്റിനാണ് ലങ്കൻ ജയം. 47 റണ്‍സില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ലങ്കയെ കുശാല്‍ മെന്‍ഡിസ് ആണ് കരകയറ്റിയത്. അദ്ദേഹം അര്‍ധ സെഞ്ചുറി നേടി. 52 ബോളിൽ പുറത്താകാതെ 74 റൺസാണ് അദ്ദേഹം എടുത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റണ്‍സായിരുന്നു എടുത്തത്. ശ്രീലങ്കയുടെ മറുപടി 18.4 ഓവറിൽ 171 റൺസ് ആയിരുന്നു.
കുശാല്‍ പെരേര 28 റണ്‍സെടുത്തു. 15 ബോളില്‍ 19 റണ്‍സ് എന്ന ഘട്ടത്തിലാണ് ലങ്ക ജയം കൊത്തിയെടുത്തത്. കമിന്ദു മെൻഡിസ് പുറത്താകാതെ 26 റൺസെടുത്തു.
സ്‌കോര്‍ ബോര്‍ഡില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്റെ രക്ഷകനായത് മുഹമ്മദ് നബിയാണ്. നബി- റാഷിദ് ഖാന്‍ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്. ആള്‍ റൗണ്ടര്‍ നബി പുറത്താകാതെ വെറും 22 പന്തില്‍ 60 റണ്‍സെടുത്തു. ദുനിത വെല്ലലേജിൻ്റെ ഒരോവറിൽ അഞ്ച് സിക്സും നബി അടിച്ചുപറത്തി. റാഷിദ് ഖാന്‍, ഇബ്രാഹിം സദ്രാന്‍ 24 വീതം റണ്‍സെടുത്തു. സെദിഖുള്ള അടല്‍ 18ഉം റഹ്മാനുള്ള ഗുര്‍ബാസ് 14ഉം റണ്‍സെടുത്തു.
നാല് വിക്കറ്റ് പിഴുത നുവാന്‍ തുഷാരയാണ് അഫ്ഗാന്റെ നട്ടെല്ലൊടിച്ചത്. നാല് ഓവറില്‍ വെറും 18 റണ്‍സ് വിട്ടുകൊടുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
ലങ്കയുടെ ദുഷ്മാന്ത ചമീര, ദുനിത വെല്ലലേജ്, ദസുന്‍ ഷനക എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

