
ഒരു ക്രിക്കറ്റ് യുദ്ധം കൂടി കഴിഞ്ഞു. പോയ കാലത്തിന്‍റെ പടയോട്ട നാളുകൾ ഓർമകളിൽ അവശേഷിപ്പിച്ച് കരീബിയൻ പട ഇന്ത്യൻ മണ്ണില്‍ നിന്ന് തല താഴ്ത്തി മടങ്ങി. ലോക ക്രിക്കറ്റിലെ മിന്നും നക്ഷത്രങ്ങളായ വിവിയൻ റിച്ചാർഡ്സും ബ്രയാൻ ലാറയും ആ തോൽവിക്ക് സാക്ഷിയാകുകയും ചെയ്തു.
ഉയർത്തഴുന്നേൽക്കണമെന്ന് എതിരാളികൾ പോലും കൊതിക്കുന്ന ടീമാണ് വെസ്റ്റിൻഡീസ്. ക്രിക്കറ്റ് അവർക്ക് വെറുമൊരു കളിയില്ല. കരീബിയൻ ദ്വീപുകളിൽ ഒളിഞ്ഞിരിക്കുന്ന പവിഴപ്പുറ്റുകളും മുത്തുകളും പോലെ തന്നെയായിരുന്നു ക്രിക്കറ്റ് ക്രീസിൽ അവരുടെ മാണിക്യങ്ങളും. സുന്ദര ബാറ്റിങിന്‍റെ പറുദീസ. ക്രിക്കറ്റിന്‍റെ വന്യമായ സൗന്ദര്യം ഒളിഞ്ഞിരുന്നത് ഈ കരീബിയൻ ദ്വീപുകൾ സമ്മാനിച്ച ഒരു പിടി നക്ഷത്രങ്ങളിലായിരുന്നു.
വിരാട് കോഹ്ലിക്കും മുമ്പ് ക്രിക്കറ്റിലെ രാജാവെന്ന വിളിപ്പേര് ഒരു കരീബിയൻ ഇതിഹാസത്തിനായിരുന്നു. ഒരു ഹെൽമറ്റ് പോലുമില്ലാതെ അയാൾ ക്രീസിലിറങ്ങുമ്പോൾ ആരാധകർ ഇങ്ങനെ വിളിച്ചു – കിങ് റിച്ചാർഡ്സ്, ബൗളർമാർ എറിയുന്ന പന്തുകളിൽ ക്രിക്കറ്റിന്‍റെ സൗന്ദര്യം പറത്തിയ ഇതിഹാസ തുല്യനായ വിവിയൻ റിച്ചാർഡ്സ്. കിങെന്ന ആ വിളിപ്പേരിൽ നിന്നാണ് പുതിയ കാലത്ത് വിരാടിന് കിങ് കൊഹ്ലിയെന്ന പേര് ചാർത്തിയത്. വിൻഡീസിനെ ലോക രാജാക്കന്മാരാക്കിയ ക്ലൈവ് ലോയിഡിനെ എങ്ങനെ മറക്കും. എഴുപതുകളിൽ തുടർച്ചയായി രണ്ട് തവണയാണ് വിൻഡീസ് ലോകക്രിക്കറ്റിലെ രാജാക്കന്മാരായത്.
എറിഞ്ഞും ബാറ്റ് വീശിയും ലോക ക്രിക്കറ്റിൽ എതിരാളികളെ വിറപ്പിച്ച വിൻഡീസിനെ തോൽപ്പിച്ച് ലോക ക്രിക്കറ്റിൽ ഒരു പുതു ശക്തി ഉദയം ഉദയം ചെയ്യുന്നു. 1983 ൽ ലോക രാജാക്കന്മാരായ ഇന്ത്യ.
Also Read: ദേശീയ സീനിയർ വനിതാ ട്വൻ്റി20: ജമ്മു കശ്മീരിനെ തകർത്ത് കേരളം
അതിനിടയിലും കരീബിയൻ വീരഗാഥകൾ അവിടെ തീരുന്നില്ലായിരുന്നു. സച്ചിൻ ടെണ്ടുൽക്കറെന്ന പേര് ലോക ക്രിക്കറ്റിലെ വിസ്മയമാകുമ്പോഴാണ് ബ്രയാൻ ലാറയെന്ന പേരും ഒപ്പും ചേർത്തു വായിച്ചത്. ഒരേ കാലത്തെ രണ്ട് ഇതിഹാസങ്ങൾ. ഇന്ത്യയും വിൻഡീസും ഏറ്റുമുട്ടുമ്പോൾ സച്ചിനും ലാറയും തമ്മിലുള്ള യുദ്ധമായി മാറി. ലാറ ക്രീസിലൊഴുക്കിയത് ക്രിക്കറ്റിന്‍റെ സൗന്ദര്യം കൂടിയായിരുന്നു. ഏത് ബൗളർക്കും ഭീതി വിതയ്ക്കുന്ന കാൾ ഹൂപ്പറിന്‍റെ ബാറ്റിങ് അന്നത്തെ ക്രിക്കറ്റ് സ്നേഹികൾ എങ്ങനെ മറക്കും. ആംബ്രോസും കോർട്നി വാൽഷും പന്തെറിയുന്ന വിൻഡീസ് നിരയെ ഭയക്കാത്ത ഒരു ക്രിക്കറ്റ് രാജ്യവുമുണ്ടാകില്ല.
തകർന്നു തുടങ്ങിയ വിൻഡീസ് ക്രിക്കറ്റിൽ നിന്നാണ് ക്രിസ് ഗെയിലെന്ന ക്രിക്കറ്റ് മാന്ത്രികൻ ഇന്ത്യൻ മണ്ണിൽ ഐപിഎൽ ആവേശമായത്. റെക്കോർഡുകളുടെ തമ്പുരാനായി അയാൾ മാറുമ്പോൾ ഇന്ത്യയിലെ ഗ്യാലറികൾ ആർത്തു വിളിച്ചു. തോൽവികളുടെ പടുകുഴിയിൽ വീണ കരീബിയൻ ദ്വീപിൽ നിന്ന് പിന്നെയും ചിറകു വിരിക്കുന്നു നിക്കോളാസ് പുരാന്‍റെ വശ്യ മനോഹര ബാറ്റിങ്.
ഇത് വെസ്റ്റിൻഡീസാണ്, വിൻഡീസിന്‍റെ പതനമെന്നാൽ ക്രിക്കറ്റിന്‍റെ സൗന്ദര്യത്തിനാണ് നിറം മങ്ങുന്നത്. സാമ്പത്തിക തകർച്ചയിൽ കൂപ്പുകുത്തുന്ന വിൻഡീസ് നിര ഇനിയൊന്ന് ഉയർത്തെണീക്കണം. കരീബിയൻ കടലുകളിലെ പവിഴപ്പുറ്റുകളിൽ ഒളിഞ്ഞിരിക്കുന്ന അമൂല്യ നിധികൾ പോലെ ഇതിഹാസങ്ങൾ ഉയർന്നു വരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

