
അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ക്രിക്കറ്റ് ടീമിനെ അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചു. റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള ടീമിലേക്ക് നവീൻ-ഉൽ-ഹഖും ഗുൽബദിൻ നൈബും തിരിച്ചെത്തി. തോളിന് പരിക്കേറ്റ് പുറത്തായിരുന്ന നവീൻ-ഉൽ-ഹഖ് പൂർണമായി സുഖം പ്രാപിച്ച ശേഷമാണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. അദ്ദേഹം അവസാനമായി ടി20 അന്താരാഷ്ട്ര മത്സരം കളിച്ചത് 2024 ഡിസംബറിലായിരുന്നു. തുടർന്ന് ഒരു അന്താരാഷ്ട്ര മത്സരത്തിലും പങ്കെടുത്തിരുന്നില്ല.
നവീനും നൈബും, യുവ വിക്കറ്റ് കീപ്പർ മുഹമ്മദ് ഇഷാഖും സിംബാബ്‌വെ പര്യടന സംഘത്തിൽ ഉൾപ്പെട്ടിരുന്നില്ല റാഷിദ് ഖാൻ, മുഹമ്മദ് നബി, റഹ്മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്രാൻ, മുജീബ് ഉർ റഹ്മാൻ, ഫസൽഹഖ് ഫറൂഖി എന്നിവരാണ് ടീമിലെ മറ്റ് പ്രമുഖർ. സിംബാബ്‌വെ പര്യടനത്തിൽ കളിച്ച ശരഫുദ്ദീൻ അഷ്റഫ്, ഫരീദ് അഹമ്മദ് മാലിക് തുടങ്ങിയവർ ഇത്തവണ ടീമിൽ ഇടം നേടിയില്ല.
ഗ്രൂപ്പ് ഡിയിൽ ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, യുഎഇ, കാനഡ എന്നിവർക്കൊപ്പമാണ് അഫ്ഗാനിസ്ഥാൻ. ഫെബ്രുവരി 8ന് ചെന്നൈയിൽ ന്യൂസിലാൻഡിനെതിരെയാണ് അവരുടെ ആദ്യ മത്സരം. ഇതേ ടീം ജനുവരി 19 മുതൽ യുഎഇയിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലും പങ്കെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

