
പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യമത്സര വേദിയിലേക്ക് ഫാന്‍സ് കൂട്ടായ്മയായ ദ 1958 പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഫാന്‍സിനിടയിലെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഈ പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചെങ്കിലും സീസണില്‍ തുടര്‍ന്നും പ്രതിഷേധക്കൊടി ഉയരാന്‍ സാധ്യതയുണ്ട്. ആരാണ് 1958 ടീം?, എന്തുകൊണ്ടാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്? എങ്ങനെയാണ് ഇവര്‍ ആ പേര് സ്വീകരിച്ചത്?… വിശദമായി അറിയാം.

ദ 1958
1958 ഫെബ്രുവരി ആറ്. അന്നാണ് ഫുട്‌ബോള്‍ ലോകത്തെ തീരാദുഃഖത്തിലാഴ്ത്തി മ്യൂണിക്ക് വിമാന ദുരന്തം നടക്കുന്നത്. ‘ബസ്ബി ബേബ്‌സ്’ എന്നറിയപ്പെട്ടിരുന്ന യുണൈറ്റഡ് താരങ്ങള്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീഴുകയായിരുന്നു. റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡുമായുള്ള യൂറോപ്യന്‍ കപ്പ് മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്നു ടീം. ഇവര്‍ സഞ്ചരിച്ച വിമാനം ജര്‍മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊങ്ങുന്നതിനിടെ തകര്‍ന്നുവീണു. അപകടത്തില്‍ എട്ട് യുണൈറ്റഡ് കളിക്കാരും മൂന്ന് സ്റ്റാഫുകളും ഉള്‍പ്പെടെ 23 പേര്‍ മരിച്ചു. ടീമിനെയും മൊത്തം ലോകത്തെയും ഉലച്ചുകളഞ്ഞു ഈ ദുരന്തം.
ഈ കളിക്കാരെയും ജീവനക്കാരെയും ഓര്‍മിക്കുന്നതിനായാണ് 1958 എന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പ് സ്ഥാപിതമായത്. ക്ലബിനെ ജീവന്‍ കൊടുത്തും പിന്തുണക്കുന്നതിനൊപ്പം തെറ്റായ പോക്കിനെതിരെ ശക്തിയുക്തം ശബ്ദം ഉയര്‍ത്താറുമുണ്ട്, ദ 1958. ഉടമകളായ ഗ്ലേസേഴ്‌സ് കുടുംബത്തിനെതിരെ നിരവധി തവണ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട് 1958.
Read Also: ഇന്ത്യൻ മണ്ണിൽ പന്ത് തട്ടാൻ CR7; ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്കെന്ന് സൂചന

നിലവിലെ പ്രതിഷേധം എന്തിന്?
ഈയടുത്ത വര്‍ഷങ്ങളില്‍ ഗ്ലേസേഴ്‌സിനെതിരെയാണ് 1958ന്റെ പ്രതിഷേധമെങ്കിലും ഇപ്പോഴത് കബ്ലില്‍ ന്യൂനപക്ഷ ഓഹരിയുള്ള സര്‍ ജിം റാറ്റ്ക്ലിഫിനെതിരെയാണ്. ക്ലബില്‍ 28.94 ശതമാനം ഓഹരിയാണ് ഇദ്ദേഹത്തിനുള്ളത്. 2023 അവസാനത്തോടെ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ റാറ്റ്ക്ലിഫ് കൈകാര്യം ചെയ്യാന്‍ ആരംഭിച്ചതോടെ പല പ്രശ്‌നങ്ങളും ഉടലെടുത്തു. ഇവ പരിഹരിക്കാതെ വന്ന പശ്ചാത്തലത്തിലാണ് 1958 നിരത്തിലിറങ്ങിയത്.
ഒരുകാലത്ത് യുണൈറ്റഡിന്റെ രക്ഷകനെന്നാണ് റാറ്റ്ക്ലിഫിനെ ഫാന്‍സ് കണ്ടിരുന്നത്. എന്നാല്‍, ഗ്ലേസേഴ്‌സിന്റെ സമാന പാതയാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്ന് 1958 ആരോപിക്കുന്നു. ഗ്ലേസേഴ്‌സ് ഉടമകളായി 20 വര്‍ഷം പിന്നിട്ടപ്പോള്‍ കടം കുത്തനെ ഉയര്‍ന്നതാണ് പ്രധാന പ്രശ്‌നം.
Read Also: ‘കുട്ടികളെയും സാധാരണക്കാരെയും കൊല്ലുന്നത് അവസാനിപ്പിക്കൂ’; സൂപ്പര്‍ കപ്പിനിടെ ഗാസ റഫറന്‍സുമായി യുവേഫ

നിലവിലെ പ്രതിഷേധ മാര്‍ച്ച് റദ്ദാക്കിയെങ്കിലും പ്രതിഷേധാഗ്നി ഇനിയും മുനിഞ്ഞുകത്തും. ഗ്ലേസേഴ്‌സും റാറ്റ്ക്ലിഫും തെറ്റുതിരുത്തുന്നത് വരെ തിരുത്തല്‍ശക്തിയായി 1958 മാറും. നോക്കണേ, ഒരു ഫുട്‌ബോള്‍ ക്ലബിന്റെ നയനിലപാടുകള്‍ക്കെതിരെ അതിന്റെ ഫാന്‍സ് രംഗത്തുവരുന്ന കാഴ്ച! അതെ, ഈ കായികയിനം ഒരു നേരമ്പോക്കല്ല, സംസ്‌കാരമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

