
സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽ മത്സര ഇനങ്ങളിൽ സർവാധിപത്യം നേടി തിരുവനന്തപുരം ജില്ല. മത്സരങ്ങളുടെ ആദ്യ ദിനം, പൂർത്തിയായ 24 മത്സരങ്ങളിൽ 17 ലും പിന്നിടുമ്പോൾ സ്വർണം നേടിയത് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളാണ്. തൃശ്ശൂർ നാലും (35 പോയിൻ്റ്) എറണാകുളം രണ്ടും (24 പോയിൻ്റ്) പാലക്കാട് ഒന്നും സ്വർണം (8 പോയിൻ്റ്) നേടി.
നീന്തൽ മത്സരയിനങ്ങളിൽ ആദ്യദിനം 16 വെള്ളിയും 11 വെങ്കലവും തിരുവനന്തപുരം നേടി. 144 പോയിന്റ് നീന്തൽ കുളത്തിൽ നിന്നും മാത്രം ജില്ല കരസ്ഥമാക്കി. അഞ്ച് സ്വർണവും നാലു വെള്ളിയും നേടിയ തുണ്ടത്തിൽ എം വി എച്ച്എസ്എസ് ആണ് 37 പോയിന്റോടെ മെഡൽ വേട്ടയ്ക്ക് നേതൃത്വമായത്. ആൺകുട്ടികളുടെ ജൂനിയർ, സീനിയർ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈലിലും സീനിയർ വിഭാഗം100 മീറ്റർ ബാക്ക് സ്ട്രോക്ക്, 50 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിലും സ്വർണ്ണം ഈ സ്കൂളിനാണ്. സീനിയർ പെൺകുട്ടികളുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിലും ഒന്നാമതെത്താനായി.
സബ്ജൂനിയർ വിഭാഗത്തിൽ 400 മീറ്റർ ഫ്രീ സ്റ്റൈൽ, ജൂനിയർ ഗേൾസ് വിഭാഗത്തിൽ 50 മീറ്റർ ബട്ടർഫ്ലൈ, 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഇനങ്ങളിൽ വെള്ളിയും സ്കൂളിന് ലഭിച്ചു. മൂന്ന് സ്വർണവും ഓരോ വെള്ളിയും വെങ്കലവും നേടിയ വെഞ്ഞാറമൂട് ഗവ. എച്ച് എസ് എസ് 19 പോയിൻ്റുമായി പട്ടികയിൽ രണ്ടാമതുള്ളത്. തിരുവല്ലം ബിഎൻവി ആൻഡ് എച്ച് എസ് സ്കൂൾ (രണ്ട് സ്വർണം ഒരു വെള്ളി ഒരു വെങ്കലം) കന്യാകുളങ്ങര ഗവ ഗേൾസ് എച്ച് എസ് ( 4 വെള്ളി, 1 വെങ്കലം) എന്നിവർ 14 പോയിൻ്റ് വീതം നീന്തൽ മത്സരങ്ങളിൽ നിന്ന് കരസ്ഥമാക്കി. പിരപ്പൻകോട് ഗവ വി എച്ച്എസ്എസ് 13 പോയിൻ്റുമായി (ഒരു സ്വർണം 2 വെള്ളി 2 വെങ്കലം ) ജില്ലയുടെ കുതിപ്പിന് വളമേകി.
പിരപ്പൻകോട് അംബേദ്കർ അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന മത്സരങ്ങളിൽ 24 ഫൈനലുകളാണ് ഇന്ന് നടന്നത്. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ബാക്ക് സ്ട്രോക്ക്, ബ്രസ്റ്റ് സ്ട്രോക്ക്, ഫ്രീ സ്റ്റൈൽ, ബട്ടർഫ്ലൈ ഇനങ്ങളിലെ മത്സരങ്ങളാണ് ആദ്യദിനത്തിൽ നടന്നത്. ആകെ 103 ഫൈനലുകളാണ് ഇവിടെ നടക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

