
സൂപ്പർ ലീഗ് കേരളയിൽ തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ക്യാപ്റ്റൻ മെയിൻസൺ ആൽവീസ് നേടിയ ഗോളിലാണ് തൃശ്ശൂർ വിജയം കണ്ടെത്തിയത്. രണ്ടു വീതം മത്സരം പൂർത്തിയായപ്പോൾ ഇരു ടീമുകൾക്കും മൂന്നു പോയിന്റാണ് ഉള്ളത്. 36ാം മിനിറ്റിലായിരുന്നു തൃശ്ശൂരിന്റെ വിജയഗോൾ. എസ് കെ ഫയാസ് എടുത്ത കോർണർ കിക്കിൽ നിന്ന് വന്ന പന്ത് ക്യാപ്റ്റൻ മെയിൽസൺ തകർപ്പൻ ഹെഡ്റിലൂടെ കാലിക്കറ്റ് പോസ്റ്റിൽ എത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഫ്രാൻസിസ് അഡോയുടെ ബൈസിക്കിൾ കിക്ക് കാലിക്കറ്റ് പോസ്റ്റിലേക്ക് വന്നെങ്കിലും ഗോളി അജ്മൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി.
ആദ്യപകുതി അവസാനിക്കാനിരിക്കെ തൃശ്ശൂരിന്റെ എസ് കെ ഫയാസിന് മഞ്ഞക്കാർഡ് ലഭിച്ചു. 46 മിനിറ്റിൽ പ്രശാന്തിന്റെ പാസിൽ സെബാസ്റ്റ്യൻ റിങ്കണിന്റെ ഗോൾ ശ്രമം തൃശ്ശൂരിന്റെ പോസ്റ്റിൽ തട്ടി മടങ്ങി. സച്ചു, അജ്സൽ, അരുൺ കുമാർ എന്നിവരെ ഇറക്കി കാലിക്കറ്റ് സമനിലയ്ക്ക് പൊരുതി നോക്കി എങ്കിലും നിരാശയായിരുന്നു ഫലം. കരുത്തുറ്റ തൃശൂരിന്റെ പ്രതിരോധം മറികടക്കാൻ കാലിക്കറ്റിന് ഇത്തവണ സാധിച്ചില്ല.
രണ്ടാം റൗണ്ടിലെ അവസാനം മത്സരത്തിൽ മലപ്പുറം FC കണ്ണൂർ വാരിയേഴ്സ് FCയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ആദ്യ മത്സരത്തിൽ ഇരു ടീമുകളും വിജയം നേടിയിരുന്നു. ജയിക്കുന്ന ടീമിന് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

