
ക്രിക്കറ്റിൽ പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ. സുനിൽ ഗാവസ്ക്കറിന്‍റെയും സച്ചിന്‍റെയും കോഹ്ലിയുടെയും കാലം പിന്നിടുമ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ശുഭപ്രതീക്ഷയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. 2025 കടന്ന് പോകുമ്പോൾ ബീഹാറിൽനിന്നുള്ള 15കാരൻ വൈഭവ് സൂര്യവംശിയെന്ന പേരാണ് ഇന്ത്യൻ ക്രിക്കറ്റിൽ സജീവ ചർച്ചയാകുന്നത്. ജൂനിയർ തലത്തിലും ഐപിഎല്ലിലുമൊക്കെ സൂര്യവംശി ഇതിനോടകം ശ്രദ്ധേയമായ പ്രകടനം നടത്തിക്കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ വരുംനാളുകൾ കൈയടക്കുമെന്ന പ്രഖ്യാപനമാണ് ഓരോ മത്സരത്തിലും ഈ കൌമാരക്കാരൻ നടത്തുന്ന പ്രകടനങ്ങൾ അടിവരയിടുന്നത്.
ഇന്ത്യൻ ക്രിക്കറ്റിലെ പണകിലുക്കത്തിന്‍റെ കാർണിവലാണ് ഐപിഎൽ. ഇവിടെ തിളങ്ങുന്നവർ അതിവേഗം ഇന്ത്യൻ ദേശീയ ടീമിൽ എത്താറുമുണ്ട്. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം വൈഭവ് സ്വന്തമാക്കി കഴിഞ്ഞു. 14 വയസ്സും 23 ദിവസവും മാത്രം പ്രായമുള്ളപ്പോൾ രാജസ്ഥാൻ റോയൽസിനായി വൈഭവ് സൂര്യവംശി അരങ്ങേറി.
ALSO READ: സെഞ്ചുറിയോടെ തിളങ്ങി ധ്രുവ് ജുറേൽ; ഇന്ത്യൻ ടീമിൽ കീപ്പർ സ്ഥാനത്തിനുള്ള മത്സരം മുറുകുന്നു
അരങ്ങേറ്റം കൊണ്ട് മാത്രമല്ല, ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, അതിവേഗ സെഞ്ച്വറിയുടെ കാര്യത്തിൽ ക്രിസ് ഗെയിലിന് പിന്നിൽ രണ്ടാമൻ തുടങ്ങിയ നേട്ടങ്ങളും വൈഭവ് സ്വന്തം പേരിൽ എഴുതിച്ചേർത്തു. ഐപിഎല്ലിൽ മാത്രമല്ല, തുടർന്നിങ്ങോട്ട്, ആഭ്യന്തര ക്രിക്കറ്റിലും, ജൂനിയർതല മത്സരങ്ങളിലും വൈഭവിന്‍റെ വൈഭവം നമ്മൾ കണ്ടു. വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ 84 പന്തിൽ 190 റൺസ് നേടി അദ്ദേഹം ലോകത്തെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു. വെറും 36 പന്തിൽ സെഞ്ചുറി തികച്ച അദ്ദേഹം ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 റൺസ് എന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി. ഇക്കാര്യത്തിൽ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം എബി ഡിവില്ലിയേഴ്സിനെയാണ് വൈഭവ് മറികടന്നത്. 64 പന്തിലാണ് ഡിവില്ലിയേഴ്സ് 150 തികച്ചതെങ്കിൽ വൈഭവിന് വേണ്ടിവന്നത് വെറും 59 പന്തുകളാണ്.
ALSO READ: വിജയ് ഹസാരെ ട്രോഫി: ജനുവരിയിൽ ഗിൽ, ജഡേജ, രാഹുൽ, ജയ്സ്വാൽ കളത്തിലിറങ്ങും
2025ലെ അവസാന മാസത്തിൽ വൈഭവ് അടിച്ചുകൂട്ടിയത് 3 സെഞ്ച്വറികളാണ്. അണ്ടർ 19 ഏഷ്യാകപ്പിലും ആ ബാറ്റിങ് വിസ്ഫോടനം നമ്മൾ കണ്ടു. സ്ഥിരതയില്ലായ്മ എന്ന വിമർശനം വൈഭവിനെതിരെ ഉണ്ടെങ്കിലും, ഏതുനിമിഷവും ബോളിങ് നിരയെ തച്ചുതകർക്കാനുള്ള ശേഷി, വൈഭവിനെ പുതുവർഷത്തിൽ കൂടുതൽ അപകടകാരിയാക്കുമെന്ന് ഉറപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

