
വിജയ് ഹസാരെ ട്രോഫിയിൽ പുതിയ ചരിത്രം എഴുതി ഹൈദരാബാദിന്റെ പുത്തൻ താരോദയം അമൻ റാവു. ബംഗാളിനെതിരായ മത്സരത്തിൽ പുറത്താകാതെ 200 റൺസ് നേടിയ അമൻ, വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഹൈദരാബാദ് താരമായി മാറി. ഈ സീസണിൽ ഒഡീഷയുടെ സ്വസ്തിക് സാമലിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരവുമാണ് അദ്ദേഹം.അമന്റെ ഇരട്ടസെഞ്ചുറിയുടെ പിൻബലത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 352 റൺസുകൾ ഹൈദരാബാദ് നേടി. വാൻ ലക്‌ഷ്യം മുന്നിൽ കണ്ടിറങ്ങിയ ബംഗാൾ പക്ഷെ 245 റൺസിന് പുറത്തായി.
അമേരിക്കയിലെ വിസ്കോൺസിനിൽ ജനിച്ച അമൻ, വളർന്നത് ഹൈദരാബാദിലാണ്. ആക്രമണാത്മക ബാറ്റിംഗ് ശൈലിയാണ് അമന്റെ ശക്തി. ടി20 ക്രിക്കറ്റിൽ 160-ൽ അധികം സ്ട്രൈക്ക് റേറ്റുള്ള താരം, അണ്ടർ-23 സ്റ്റേറ്റ് ട്രോഫിയിൽ ആറ് മത്സരങ്ങളിൽ നിന്ന് 381 റൺസാണ് അടിച്ചുകൂട്ടിയത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്‌ക്കെതിരേ ഷർദുൽ താക്കൂറിന്റെ ഒരു ഓവറിൽ 24 റൺസ് നേടിയാണ് അമൻ ദേശീയ ശ്രദ്ധ നേടിയത്. ഈ ഫോം ഐപിഎൽ 2026 ലേലത്തിൽ രാജസ്ഥാൻ റോയൽസിലേക്കുള്ള പ്രവേശനത്തിനും വഴിയൊരുക്കി. നാരായൺ ജഗദീശൻ, പ്രിഥ്വി ഷാ, റുതുരാജ് ഗായ്ക്വാദ്, സഞ്ജു സാംസൺ എന്നിവരടങ്ങുന്ന അഭിമാനകരമായ പട്ടികയിൽ ഇനി അമൻ റാവോയുടെ പേരും. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പുതിയ താരോദയത്തിന്റെ സൂചനയാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

