
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റുകൾ ആരാധകർക്കിടയിൽ വലിയ ആവേശമുണർത്തിയിരിക്കുകയാണ്. വഡോദരയിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിന് മുന്നോടിയായി നെറ്റ്‌സ് പരിശീലനത്തിനിടെ എടുത്ത മൂന്ന് ചിത്രങ്ങളാണ് കൊഹ്‌ലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഏറെക്കാലമായി പരിശീലന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാതിരുന്ന കോഹ്‌ലിയുടെ ഈ പോസ്റ്റ് വൻ പ്രതികരണമാണ് ഉണ്ടാക്കിയത്.
സമീപ വർഷങ്ങളിൽ കോഹ്‌ലി തന്റെ ഇൻസ്റ്റഗ്രാം സാന്നിധ്യം പരിമിതപ്പെടുത്തുകയും പരസ്യങ്ങൾ, ഭാര്യ അനുഷ്‌ക ശർമയുമായുള്ള അവധിക്കാല ചിത്രങ്ങൾ, കരിയറിലെ പ്രധാന നേട്ടങ്ങൾ എന്നിവയ്ക്ക് മാത്രം മുൻഗണന നൽകുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് ജയം, ചാമ്പ്യൻസ് ട്രോഫി കിരീടം, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ 2025 കിരീടവിജയം എന്നിവയായിരുന്നു അവസാനത്തെ പ്രധാന പോസ്റ്റുകൾ. ഇതോടെ ആരാധകർ പലരും അദ്ദേഹത്തിന്റെ കുറഞ്ഞ സോഷ്യൽ മീഡിയ ഇടപെടലിൽ നിരാശ പ്രകടിപ്പിച്ചിരുന്നു.
Also Read: പൊരുതാതെ പിന്തിരിഞ്ഞോടി? കൊഹ്‌ലിയെ വിമർശിച്ച് മഞ്ചരേക്കർ
ഈ ആഴ്ച ആദ്യം വഡോദരയിലെത്തിയ കോഹ്‌ലി, ആദ്യ ഏകദിനത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. പുതുവത്സരം ദുബായിൽ കുടുംബത്തോടൊപ്പം ആഘോഷിച്ച ശേഷം ഇന്ത്യയിലെത്തി. ഡിസംബറിൽ 16 വർഷത്തിന് ശേഷം വിജയ് ഹസാരെ ട്രോഫിയിൽ കളിച്ച കോഹ്‌ലി രണ്ട് മത്സരങ്ങളിൽ 131യും 77 റൺസും നേടി മികച്ച ഫോമിലാണെന്ന് തെളിയിച്ചു. 16,000 ലിസ്റ്റ് എ റൺസ് നേടുന്ന ഏറ്റവും വേഗമേറിയ താരമായി സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡും അദ്ദേഹം മറികടന്നു. ഈ മികച്ച ഫോമിന്റെ തുടർച്ചയായി ഞായറാഴ്ച ന്യൂസിലാൻഡിനെതിരേ കോഹ്‌ലി തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

