വനിതാ പ്രീമിയർ ലീഗ്: പുത്തൻ ടീമുമായി പ്രതീക്ഷയോടെ ആർസിബി

rcb

വനിതാ പ്രീമിയർ ലീഗ് പുത്തൻ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വലിയ പ്രതീക്ഷകളോടെയാണ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ പരിക്കുകളും പ്രധാന താരങ്ങളുടെ പിന്മാറ്റവും ആർസിബിയെ കനത്ത രീതിയിൽ ബാധിച്ചിരുന്നു. 2024 ലെ ചാമ്പ്യന്മാരായിരുന്ന ആർസിബി, മൂന്നാം പതിപ്പ് റെക്കോർഡ് റൺചേസ് വിജയത്തോടെ ആരംഭിച്ചെങ്കിലും പിന്നീട് തുടർച്ചയായ അഞ്ച് തോൽവികൾ വഴങ്ങി. ഹോം ഗ്രൗണ്ടിലെ നാല് മത്സരങ്ങളും ഉൾപ്പെടെ നിർണായക മത്സരങ്ങൾ നഷ്ടമായതോടെ അവർ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു .

ബാറ്റിംഗ് കോർ നിലനിർത്താൻ വലിയ തുക ചെലവഴിച്ച ആർസിബി, ബൗളിംഗ് വിഭാഗം ശക്തിപ്പെടുത്താനാണ് മെഗാ ലേലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഓൾറൗണ്ടർമാരെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ശിഖ പാണ്ഡെയെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും, അവസാനം പേസർമാരായ പൂജ വസ്ത്രകറും അരുന്ധതി റെഡ്ഡിയും , സ്പിന്നർ രാധ യാദവും ടീമിലെത്തി. ടി20 ലോകകപ്പ് വിജയക്യാപ്റ്റൻ സോഫി ഡിവൈൻ, സ്പിന്നർ ആശ സോബാന എന്നിവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടു. പകരം, നദീൻ ഡി ക്ലർക്കിനെയും ഓസ്‌ട്രേലിയൻ താരങ്ങളായ ഗ്രേസ് ഹാരിസ്, ജോർജിയ വോൾ എന്നിവരെയും ആർസിബി ടീമിലെത്തിച്ചു. ലെഗ്സ്പിന്നർ പ്രേമ റാവത്തിനെ നിലനിർത്തിയതോടൊപ്പം, പരിക്ക് ഭേദമായെത്തുന്ന ശ്രേയങ്ക പാട്ടീൽ ടീമിന് കരുത്ത് കൂട്ടുന്നു. ഇംഗ്ലണ്ടിന്റെ പേസർ ലോറൻ ബെല്ലും ഇടങ്കയ്യൻ സ്പിന്നർ ലിൻസി സ്മിത്തും ടീമിലുണ്ട്.

Also Read: വനിതാ പ്രീമിയർ ലീഗ്: ഉത്ഘാടന മത്സരത്തിൽ ബംഗളൂരുവും മുംബൈയും നേർക്കുനേർ

രണ്ടു കോടി രൂപയ്ക്കു നിലനിർത്തിയിട്ടും, ആർസിബി ഈ സീസണിൽ എലീസ് പെറിയില്ലാതെയാണ് കളത്തിലിറങ്ങുക. ലേലത്തിന് മുൻപേ തന്നെ ടീം വിട്ടുനിൽക്കുമെന്ന് പെറി അറിയിച്ചിരുന്നു. പകരം ഇന്ത്യൻ പേസർ സയാലി സത്ഘറെ ടീമിലെത്തി. പെറിയുടെ അഭാവം, പ്രത്യേകിച്ച് ടോപ് ഓർഡർ ബാറ്റിംഗിൽ, ആർസിബിക്ക് വെല്ലുവിളിയാകും.

ഈ സീസണിൽ ആർസിബിക്ക് ഹോം ഗ്രൗണ്ടിൽ കളിക്കാനാവില്ല. എങ്കിലും ആരാധക പിന്തുണക്ക് കുറവുണ്ടാകില്ലെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News