രോമപന്താണെന്ന് ആദ്യം വിചാരിച്ചു, പരിശോധനയില്‍ തെളിഞ്ഞു 30,000 വര്‍ഷം പഴക്കമുള്ള അണ്ണാന്റെ മമ്മിയാണെന്ന്

അതിപുരാതന കാലത്തെ ജീവികളുടെ നിരവധി തെളിവുകള്‍ ഖനനനത്തിലൂടെയും മറ്റും ഭൂമിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ചതായുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇപ്പോള്‍ ഇതാ ഇത്തരത്തിലുള്ള വാര്‍ത്തകളിലേക്ക് ഇടം നേടിയിരിക്കുകയാണ് ഒരു അണ്ണാന്റെ മമ്മി.

ആദ്യ കാഴ്ചയില്‍ രോമാവൃതമായ ഒരു പന്തിന്റെ രൂപത്തിലായിരുന്നു അണ്ണാന്‍. അതെന്താണെന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്ന് നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് അത് പ്രകൃതി തന്നെ മമ്മിഫൈ ചെയ്ത് സൂക്ഷിച്ച അണ്ണാനാണെന്ന് വ്യക്തമായത്. ഹിമയുഗത്തില്‍ 30,000 വര്‍ഷം പഴക്കമുള്ള മമ്മിഫൈഡ് ഗ്രൗണ്ട് അണ്ണാനാണ് അതെന്ന് കണ്ടെത്തിയത്.

ഒരു സ്വര്‍ണ്ണ ഖനിത്തൊഴിലാളിക്ക് കാനഡിയിലെ യുക്കോണ്‍ പ്രദേശത്തെ ഡോസണ്‍ സിറ്റിക്ക് സമീപമുള്ള ക്ലോണ്ടൈക്ക് സ്വര്‍ണ്ണ പാടങ്ങളില്‍ നിന്ന് നിഗൂഢമായ രോമ പന്ത് കണ്ടെത്തിയതായി യുക്കോണ്‍ ബെറിംഗിയ ഇന്റര്‍പ്രെറ്റീവ് സെന്ററാണ് അറിയിച്ചത്.

‘ചെറിയ കൈകളും നഖങ്ങളും കാണുന്നതുവരെ അതെന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല, ഒന്ന് കൂടി നോക്കിയാല്‍ ഒരു ചെറിയ വാലും കാണും, തുടര്‍ന്ന് നിങ്ങള്‍ ചെവികള്‍ കാണും,’ യുക്കോണ്‍ ഗവണ്‍മെന്റ് പാലിയന്റോളജിസ്റ്റായ ഗ്രാന്റ് സാസുല സിബിസിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here