ശ്രദ്ധയുടെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.മന്ത്രിമാരായ ആര്‍.ബിന്ദുവും വിഎന്‍ വാസവനും മാനേജ്‌മെന്റും വിദ്യാർത്ഥികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. ഹോസ്റ്റൽ വാർഡനെതിരെ നടപടി സ്വീകരിക്കുമെന്നും കോളേജ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്നും ചർച്ചയിൽ തീരുമാനമായി.ശ്രദ്ധയുടെ മരണത്തിൽ പങ്കുണ്ടെന്ന് കുട്ടികൾ ആരോപിക്കുന്നവർക്കെതിരെ ഇപ്പോൾ നടപടി എടുക്കാൻ സാധിക്കില്ലെന്നും നിലവിൽ കേസ് പൊലീസ് അന്വേഷിച്ച് ഇവരുടെ പങ്ക് വ്യക്തമാകുന്ന നിലയ്ക്ക് അവർ കുറ്റക്കാരെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, പൂർണതൃപ്തരല്ലെന്നും നിലവിൽ അന്വേഷണം നടക്കട്ടെയെന്നും നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടരുമെന്നും ചർച്ചയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വ്യക്തമാക്കി.

ശ്രദ്ധ ജീവനൊടുക്കാന്‍ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മന:പൂര്‍വം വീഴ്ച വരുത്തിയെന്നുമാണ് മരണപ്പെട്ട ശ്രദ്ധയുടെ കുടുംബത്തിന്റെ ആരോപണം. ആശുപത്രിയിലെത്തിച്ചപ്പോള്‍ ശ്രദ്ധ തല കറങ്ങി വീണതാണെന്നായിരുന്നു കോളേജ് അധികൃതര്‍ ഡോക്ടറോട് പറഞ്ഞത്. ആത്മഹത്യാ ശ്രമമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ശരിയായ ചികിത്സ ലഭിക്കുമായിരുന്നെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അധ്യാപകര്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ എച്ച്ഒഡി മകളെ ഹരാസ് ചെയ്തതായി കുടുംബം ആരോപിച്ചു. ക്യാബിനില്‍ നിന്ന് പുറത്തേക്ക് പോയതിന് പിന്നാലെയാണ് ശ്രദ്ധ അസ്വസ്ഥയായതുപോലെ തോന്നിയിരുന്നെന്ന് ശ്രദ്ധയുടെ സുഹൃത്തുക്കളും വ്യക്തമാക്കി. എച്ച്ഒഡിയുടെ അധിക്ഷേപമാണ് ശ്രദ്ധയെ മാനസികമായി തകര്‍ത്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് എതിരെ കോളേജ് അധികൃതര്‍ രംഗത്തെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കണ്ടുപിടിച്ചതിന്റെ വിഷമത്തിലാകാം ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അന്ന് രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ശ്രദ്ധയെ കണ്ടെത്തുകയായിരുന്നു.

Also Read: ‘ബിപോർജോയ് ചുഴലിക്കാറ്റ്’; അടുത്ത മണിക്കൂറുകളിൽ തീവ്രമാകാൻ സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here