തമിഴ്നാട്ടിലെ ആദ്യ മലയാളി ഗോത്ര സിവിൽ ജഡ്‌ജിയായി ശ്രീപതി; നേട്ടം 23ാം വയസിൽ, അഭിനന്ദനപ്രവാഹം

തിരുപ്പത്തൂർ ജില്ലയിലെ യേലഗിരി ഹിൽസ് സ്വദേശിയായ വി ശ്രീപതി ടിഎൻപിഎസ്‌സി നടത്തിയ സിവിൽ ജഡ്ജ് പരീക്ഷയിൽ വിജയിച്ചു. തമിഴ്‌നാട്ടിലെ മലയാളി ഗോത്രത്തിൽ നിന്നുള്ള ആദ്യ സിവിൽ കോടതി ജഡ്ജിയാണ് ഈ 23കാരി. തിരുവണ്ണാമലയിലെ റിസർവ് വനത്തോട് ചേർന്നുള്ള തുവിഞ്ഞിക്കുപ്പത്ത് കാളിയപ്പൻ്റെയും മല്ലിഗയുടെയും മൂത്ത മകളെയാണ് ശ്രീപതി ജനിച്ചത്.

ALSO READ: കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജില്‍ ട്രയല്‍ റണ്‍ വിജയകരം; ഉദ്ഘാടനം 20ന്

തമിഴ്നാട്ടിൽ യേലഗിരി കുന്നിൽ വിദ്യാഭ്യാസം നേടിയ ശ്രീപതി പിന്നീട് ബിഎബിഎൽ നിയമ കോഴ്‌സ് പൂർത്തിയാക്കി. പഠിക്കുമ്പോൾ തന്നെ വിവാഹം കഴിഞ്ഞെങ്കിലും പഠനം ഉപേക്ഷിച്ചില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം ടിഎന്‍പിഎസ്‌സി സിവിൽ ജഡ്‌ജ് പരീക്ഷ (തമിഴ്‌നാട് സ്റ്റേറ്റ് ജുഡീഷ്യൽ സർവീസ്) നടന്നത്. പ്രസവ തീയതിയും പരീക്ഷാ തീയതിയും ഒരേ ദിവസം വന്നത്‌ പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന ശ്രീപതിയെ ആശങ്കയിലാഴ്‌ത്തിയെങ്കിലും. പ്രസവം കഴിഞ്ഞ് രണ്ടാം ദിവസം ഭർത്താവിന്‍റെയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ കാറിൽ ചെന്നൈയിലേക്ക് പോയി സിവിൽ ജഡ്‌ജി പരീക്ഷ എഴുതുകയായിരുന്നു. ഇത്തരം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും ശ്രീപതിയുടെ സ്ഥിരോത്സാഹം പ്രശംസനീയമാണ്.

ALSO READ: നരേന്ദ്രമോദിയും പാര്‍ട്ടിയും പാര്‍ലമെന്റിനോട് വിധേയപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

“താഴ്ന്ന മലയോര ഗ്രാമത്തിൽ നിന്നുള്ള ഒരു ആദിവാസി പെൺകുട്ടി ഇത്രയും ചെറുപ്പത്തിൽ ഈ നേട്ടം കൈവരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.” ശ്രീപതിയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.

“ശ്രീപതിയെ ജഡ്ജിയായി തിരഞ്ഞെടുത്തത് തമിഴ് വിദ്യാഭ്യാസമുള്ള വ്യക്തികൾക്ക് തൊഴിൽ അവസരങ്ങൾക്ക് മുൻഗണന നൽകാനുള്ള ഞങ്ങളുടെ സർക്കാരിൻ്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ശ്രീപതിയെ പിന്തുണച്ചതിന് അവളുടെ അമ്മയ്ക്കും ഭർത്താവിനും അഭിനന്ദനങ്ങൾ.” തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിനും ശ്രീപതിയുടെ നിശ്ചയദാർഢ്യത്തെ പ്രശംസിച്ച് കൊണ്ട് പറഞ്ഞു.

ഞങ്ങളുടെ ഗവൺമെൻ്റിൻ്റെ ഓർഡിനൻസിലൂടെ സഹോദരി ശ്രീപതിയെ ജഡ്ജിയായി തെരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് മറ്റൊരു ഡിഎംകെ മന്ത്രിയും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here