
ഇന്ത്യയുടെ ആകാശം സ്റ്റാർലിങ്കിന് തുറന്നുകൊടുക്കുന്നുവെന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവന്നിരിക്കുന്നത്. ശക്തമായി എതിര്‍ത്തിരുന്ന രണ്ട് ടെലികോം കമ്പനികള്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് പരവതാനി വിരിച്ചത് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാജ്യത്ത് അനുവദിക്കാന്‍ പാടില്ലെന്ന നിലപാടിലായിരുന്നു കുറച്ച് കാലം മുമ്പ് വരെ ജിയോയും എയര്‍ടെല്ലും സ്വീകരിച്ചിരുന്നത്. എന്നാൽ പെട്ടെന്നായിരുന്നു ഇരുകൂട്ടരുടെയും കളംമാറ്റി ചവിട്ടൽ. സുരക്ഷാ പ്രശ്‌നങ്ങള്‍ ആരോപിച്ച് കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരിക്കെ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവ് അത്ര എളുപ്പമുള്ളതാവില്ല. എല്ലാവരും ഒരേ സ്വരത്തിൽ ഇതിനെ എതിർക്കണമെങ്കിൽ തക്കതായ കാരണങ്ങൾ ഉണ്ടാവണമല്ലോ ? ടെസ്‌ല, സ്‌പേസ് എക്‌സ്, സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് തുടങ്ങിയവയുടെ ഉടമയും ഇപ്പോള്‍ ട്രംപ് ഭരണകൂടത്തിലെ പ്രധാനിയുമായ ഇലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തിയപ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതുമെല്ലാം സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ പ്രവേശം ഉറപ്പാക്കാനായിരുന്നു.
കേബിള്‍ ബ്രോഡ്ബാന്‍ഡോ 2ജി കണക്ഷനോ ഒന്നുമില്ലാതെ ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്കിന് സാധിക്കും. രാജ്യത്തെ വിവരവിനിമയ രംഗത്തേക്ക് സ്റ്റാര്‍ലിങ്കിനെ ആനയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുൻപേ തന്നെ തീരുമാനിച്ചതായിരുന്നു. എന്നാൽ എയര്‍ടെലും ജിയോയും ഉയര്‍ത്തിയ അതിശക്തമായ എതിര്‍പ്പില്‍ ഇന്ത്യന്‍ ആകാശത്തേക്ക് കടന്നുവരാനുള്ള നീക്കം പതിയെയായി. എന്നാൽ പൊടുന്നനെ ഈ കമ്പനികള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ഇവര്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കരാറിലേര്‍പ്പെട്ടു കഴിഞ്ഞു.
കേബിളുകള്‍ വഴിയോ, മൊബൈല്‍ ഫോണ്‍ നെറ്റ്്വര്‍ക്കുകള്‍ വഴിയോ, വൈഫൈ പോലുള്ള ഏതെങ്കിലും ഉപാധികള്‍ വഴിയോ ആണ് നിലവില്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നത്. എന്നാല്‍ കൃത്രിമോപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുകയാണ് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡുകള്‍. ചെറിയ ഡിഷ് ആന്റിനയും റിസീവറുമുണ്ടെങ്കില്‍ എവിടെ നിന്നും നെറ്റില്‍ കയറാം. 550 കിലോമീറ്ററിന് മുകളില്‍ (ലോ എര്‍ത്ത് ഓര്‍ബിറ്റ്) നിലയുറപ്പിച്ച ഉപഗ്രഹ സഞ്ചയമാണ് ഡാറ്റാ സിഗ്നലുകള്‍ ഭൂമിയിലേക്ക് വിടുന്നത്. സ്റ്റാര്‍ലിങ്കിനു വേണ്ടി സ്‌പേസ് എക്‌സ് കമ്പനി 7,000 സാറ്റലൈറ്റുകള്‍ ഇതിനകം ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വിക്ഷേപിച്ചുകഴിഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ വിവരവിനിമയ രംഗത്ത് സ്റ്റാര്‍ലിങ്ക് ആധിപത്യം സ്ഥാപിക്കുമ്പോള്‍ ഉയരുന്ന ആശങ്കകള്‍ ചില്ലറയല്ല. ഒന്നാമത്തെ പ്രശ്‌നം ആശ്രിതത്വം തന്നെയാണ്. അതിവേഗ ഇന്റര്‍നെറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനത്തിനായി അമേരിക്കന്‍ കോര്‍പറേറ്റ് കമ്പനിയുമായി കൈകോര്‍ക്കുമ്പോള്‍ നമ്മുടെ ഇന്റര്‍നെറ്റ് മേഖലയില്‍ ആധിപത്യം സൃഷ്ടിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.
ലേലത്തിലൂടെ മാത്രമേ സ്വകാര്യ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിക്കാവൂ എന്ന സുപ്രീം കോടതി വിധി പോലും ഇവിടെ അട്ടിമറിച്ചു. സ്‌പെക്ട്രം മാത്രമല്ല രാജ്യത്തിന്റെ ഓര്‍ബിറ്റല്‍ സ്ലോട്ടുകളും അമേരിക്കന്‍ കമ്പനിക്ക് കൈയടക്കാനുള്ള സാഹചര്യം ഒരുങ്ങും. സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സിപിഐഎം പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. സാറ്റലൈറ്റ് ലിങ്കുകള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് മാത്രമേ നല്‍കാവൂവെന്നും സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് എത്തുന്നത് കുത്തകവത്കരണത്തിന് ഇടയാക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
യുക്രൈനിലെ യുദ്ധമുഖത്ത് സ്റ്റാര്‍ലിങ്കിന്റെ സേവനം ആ രാജ്യത്തിന് നിര്‍ണായക മുന്നേറ്റമുണ്ടാക്കിയിരുന്നു. 2022 മുതലാണ് യുക്രെയിനിലെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങുന്നത്. റഷ്യന്‍ ആക്രമണത്തില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ തകര്‍ന്ന യുക്രെയിന് ഇത് വലിയ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ യു എസുമായി ധാതു കരാറിന് യുക്രൈന്‍ പ്രസിഡന്റ് വൊളോദമീര്‍ സെലന്‍സ്‌കി വിമുഖത കാണിച്ചപ്പോള്‍ ഇലോണ്‍ മസ്‌ക് ഭീഷണിയുമായി രംഗത്തെത്തി. ട്രംപിന് കീഴൊതുങ്ങിയില്ലെങ്കില്‍ സ്റ്റാര്‍ലിങ്ക് സേവനം റദ്ദാക്കുമെന്നായിരുന്നു ഭീഷണി. ഒടുവില്‍ സെലന്‍സ്‌കി മസ്‌കിന്റെ ഭീഷണിക്ക് വഴങ്ങുകയായിരുന്നു.
രാജ്യ സുരക്ഷയെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ ചോദ്യങ്ങളുമുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ ഇന്റര്‍നെറ്റ് സംവിധാനം നിര്‍ത്തിവെക്കണമെങ്കില്‍ സ്റ്റാര്‍ലിങ്കിന്റെ കരുണക്ക് കാത്തുനില്‍ക്കേണ്ടി വരും. ഇനി ഒരു ഘട്ടത്തില്‍ ഈ കമ്പനി തങ്ങളുടെ സേവനം പൊടുന്നനെ പിന്‍വലിച്ചാല്‍ രാജ്യം കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്യും. സ്റ്റാര്‍ലിങ്ക് സേവനം ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ തന്നെ കണ്‍ട്രോള്‍ സെന്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതായി സൂചനയുണ്ട്. ഓണ്‍/ ഓഫ് സംവിധാനത്തിനായി യു എസിലെ സ്റ്റാര്‍ലിങ്ക് ആസ്ഥാനവുമായി ബന്ധപ്പെടുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇത് അനിവാര്യമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇത് ഒരു അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ്.
വേഗക്കുറവ്, കാലാവസ്ഥ മാറിയാലുള്ള സിഗ്നൽ പ്രതിസന്ധി, മൊബൈൽ/ബ്രോഡ്ബാൻഡ് നിരക്കുകളെ അപേക്ഷിച്ച് കൂടുതൽ നിരക്ക് നൽകേണ്ടി വരും തുടങ്ങിയവയാണ് ന്യൂനതകൾ. തിളക്കമുള്ള സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെ തടസ്സപ്പെടുത്തിയേക്കാം, ഇത് പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനം കൂടുതൽ ബുദ്ധിമുട്ടാക്കും. സ്റ്റാർലിങ്ക് പോലുള്ള വലിയ ഉപഗ്രഹ നക്ഷത്രസമൂഹങ്ങളുടെ ദ്രുതഗതിയിലുള്ള വിന്യാസം ഭ്രമണപഥത്തിലെ തിരക്കും കൂട്ടിയിടി സാധ്യതയും സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നതുമാണ്. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ വലിയ സംഖ്യ ബഹിരാകാശ അവശിഷ്ടങ്ങൾക്ക് കാരണമാകും, ഇത് മറ്റ് ഉപഗ്രഹങ്ങൾക്കും ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കും അപകടസാധ്യത സൃഷ്ടിക്കുന്നു. എന്തായാലും ഇത് അങ്ങേയറ്റം കരുതലോടെയാണ് കൈകാര്യം ചെയ്യേണ്ടത്. കാരണം നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ തുലാസിൽ നിർത്തികൊണ്ടുള്ള നീക്കത്തിലേക്കാണ് കേന്ദ്രസർക്കാർ കടന്നിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here