
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയിലെ ലഹരി വ്യാപനം തടയുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഏപ്രില്‍ മധ്യത്തോടെയാണ് കര്‍മ്മ പദ്ധതി തയ്യാറാക്കുക. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ലഹരി പരിശോധന ശക്തമാക്കും. സ്‌കൂളുകളില്‍ അധ്യാപക- വിദ്യാര്‍ത്ഥി ബന്ധം ദൃഢമാക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലഹരി വ്യാപനം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഏപ്രില്‍ മധ്യത്തോടെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ലഹരി സംബന്ധിച്ച് വിവരം നല്‍കുന്നതിനായി പ്രത്യേക വെബ് പോര്‍ട്ടല്‍ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയിലാണ് ലഹരി വ്യാപകമാകുന്നത്. കുട്ടികളെ നന്നായി മനസ്സിലാക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. അധ്യാപകര്‍ കുട്ടിയായിരുന്ന കാലത്തെ കുട്ടികളല്ല ഇപ്പോഴുള്ളത്. അധ്യാപക- വിദ്യാര്‍ത്ഥി ബന്ധം കൂടുതല്‍ ദൃഢമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഇങ്ങനെ..
കുട്ടികളില്‍ അക്രമണോത്സുകത വര്‍ദ്ധിക്കുന്നു. ഇലക്ട്രോണിക്‌സ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും ഇതില്‍ സ്വാധീനമുണ്ട്. അക്രമം പ്രോത്സാഹിപ്പിക്കുന്ന സിനിമകളും റീലുകളും കുട്ടികള്‍ക്ക് അപ്രാപ്യമാകണം. കുട്ടികള്‍ ലഹരിയിലേക്ക് വീഴാതെ സൂക്ഷിക്കുന്നതിനൊപ്പം അകപ്പെട്ടു പോയവരെ തിരികെ കൊണ്ടുവരിക കൂടിയാണ് പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യാപക വിദ്യാര്‍ത്ഥി പ്രതിനിധികളും സിനിമ സാംസ്‌കാരിക മാധ്യമ മേഖലയിലെ പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here